പ്രവാസിയെ പുറത്താക്കിയ സംഭവം: മുനിസിപ്പല്‍ ഉദ്യോഗസ്ഥയെ രക്ഷിക്കാന്‍ ശ്രമം

നീലേശ്വരം: കുവൈത്തില്‍ നിന്നും വന്ന് നീലേശ്വരം ഒമേഗ ടൂറിസ്റ്റ് ഹോമില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ഒരുങ്ങുന്നതിനിടയില്‍ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ജീവനക്കാരുടെ സമ്മര്‍ദ്ദത്തെയും ഭീഷണിയേയും തുടര്‍ന്ന് രാത്രി ലോഡ്ജില്‍ നിന്നും പുറത്താക്കപ്പെട്ട പ്രവാസി ഒരു രാത്രി മുഴുവന്‍ നീലേശ്വരം ബസ്റ്റാന്റില്‍ കഴിച്ചുകൂട്ടേണ്ടിവന്ന സംഭവത്തെകുറിച്ച് വിവിധതലങ്ങളില്‍ അന്വേഷണം. പ്രവാസിയെ പുറത്താക്കിയതിനെതിരെ നീലേശ്വരം പോലീസില്‍ പിറ്റേന്നുതന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ഇതേവരെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിനുപുറമെ സ്‌പെഷ്യല്‍ ബ്രാഞ്ചും റവന്യൂ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ലോഡ്ജില്‍ താമസിച്ചിരുന്ന ജീവനക്കാരാണ് പ്രവാസിയെ പുറത്തിറക്കിവിടണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെ നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥ മാനേജരെ വിളിച്ച് പ്രവാസിയെ പുറത്താക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പ്രവാസിയും ലോഡ്ജ് മാനേജരും ഇതുസംബന്ധിച്ച് പോലീസിനും റവന്യൂ വകുപ്പിനും മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പും ഇതേ മുനിസിപ്പല്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അതിന്റെ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ഇപ്പോഴത്തെ പരാതി. മുനിസിപ്പല്‍ ഉദ്യോഗസ്ഥയെ രക്ഷപ്പെടുത്താന്‍ നഗരസഭാ ഭരണസമിതിയും സഹപ്രവര്‍ത്തകരും കൂട്ടായ ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രവാസിയെ പുറത്താക്കിയ സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രക്ഷോഭരംഗത്താണ്. യുഡിഎഫ് ഇന്ന് നഗരസഭാ ഓഫീസിന്റെ മുമ്പില്‍ നടത്താനിരുന്ന ധര്‍ണ്ണ മാറ്റിവെച്ചു. കോണ്‍ഗ്രസ് നേതാവ് സുരേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇന്നത്തെ ധര്‍ണ്ണ മാറ്റിവെച്ചത്.

Post a Comment

0 Comments