തകര്‍ന്ന ജി.പി.എസ് സംവിധാനം പരിഹരിക്കാന്‍ നീക്കം തുടങ്ങി


വെള്ളരിക്കുണ്ട്: ജില്ലാ ഭൂരേഖ വിഭാഗത്തിന്റെ ഗ്രൗണ്ട് കണ്‍ട്രോളര്‍ സിസ്റ്റം തകര്‍ന്ന് വെള്ളരിക്കുണ്ട് താലൂക്കിന്റെ ഭൂരേഖാ മാപ്പ് താറുമാറായ സംഭവത്തില്‍ ഇത് പരിഹരിക്കാന്‍ നീക്കം ആരംഭിച്ചു.
വെള്ളരിക്കുണ്ട് കരുവെള്ളടുക്കം സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിന്റെ മുന്നില്‍ പാറയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന ജി.പി.എസ് മാസ്റ്റര്‍ കണ്‍ട്രോളര്‍ സിസ്റ്റമാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കിടയില്‍ തകര്‍ന്നത്.
സംസ്ഥാനത്തെ ജി.പി.എസ് മാസ്റ്റര്‍ കണ്‍ട്രോള്‍ സിസ്റ്റത്തിലെ ഒന്നാണ് വെള്ളരിക്കുണ്ടിലേത്. ജില്ലയിലെ തലപ്പാടി അതിര്‍ത്തി മുതല്‍ കണ്ണൂര്‍ അതിര്‍ത്തിവരെ ജില്ലാ ഭൂരേഖ അടങ്ങിയ സിസ്റ്റം കണ്‍ട്രോളര്‍ ആണ് ഇത്. സംസ്ഥാന ലാന്‍ഡ് സര്‍വ്വേ വിഭാഗം 2017ല്‍ ആണ് ഇത് കരുവെള്ളടുക്കം സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിന് മുന്‍വശത്തെ പാറക്കല്ലില്‍ സ്ഥാപിച്ചത്.
എന്നാല്‍ രണ്ടാഴ്ച മുമ്പ് സ്‌കൂള്‍ അധികൃതര്‍ ജി.പി.എസ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ ഗൗരവമറിയാതെ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് ഇത് പറിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. തലശ്ശേരി കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂളാണിത്. സിസ്റ്റത്തിന് ചലനം സംഭവിക്കുന്നത് അറിഞ്ഞ ജില്ലാ ഭൂരേഖ വിഭാഗം ഇതിന്റെ സംരക്ഷണ ചുമതലയുള്ള വെള്ളരിക്കുണ്ട് തഹസില്‍ദാരെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ തഹസില്‍ദാര്‍ സംഭവം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു.
ജി.പി.എസ് മാസ്റ്റര്‍ കണ്‍ട്രോളര്‍ സിസ്റ്റം പുനസ്ഥാപിക്കാന്‍ തിരുവനന്തപുരത്തുനിന്നും ഉദ്യോഗസ്ഥര്‍ എത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച ചിലവുകള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് വഹിക്കേണ്ടിവരും.

Post a Comment

0 Comments