തിരുവനന്തപുരം: ഓണ്‍ലൈന്‍ സൈറ്റുകളില്‍ മലയാളി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വില്പന നടത്തുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പോലീസ് സൈബര്‍ ഡോം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് നടത്തുന്ന ഓപ്പറേഷന് പി ഹണ്ടിലൂടെയാണ് ഇക്കാര്യം വെളിച്ചത്ത് വന്നത്. ആറിനും പതിനഞ്ചിനും ഇടയിലുള്ള പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളുമാണ് ഡാര്‍ക് നെറ്റിലടക്കം പ്രചരിക്കുന്നുള്ളത്.
ചിത്രങ്ങള്‍ എടുത്ത ശേഷം ഈ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടാകാം എന്ന് പോലീസ് സംശയിക്കുന്നു. അതിനാല്‍ ഇവരെ കണ്ടെത്താനും വേണ്ട നടപടികള്‍ സ്വീകരിക്കാനും പോലീസ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ദൃശ്യങ്ങളുടെ വില്പന നടത്തുന്നവരെയും വാങ്ങുന്നവരെയും കണ്ടെത്താന്‍ ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായം ലഭിക്കുമെന്ന് എഡിജിപി മനോജ് അറിയിച്ചു.
അശ്ലീല സൈബര്‍ തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസിന് നേരെ വെല്ലുവിളി ഉയര്‍ന്നിട്ടുണ്ട്. തട്ടിപ്പിന് പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതാണ് പോലീസിന് വെല്ലുവിളിയായത്.
സാങ്കേതികത്വത്തിന്റെ പുതിയ സാധ്യതകള്‍ വഴി വ്യാജ ഐപി നമ്പര്‍, വ്യാജ ഫോണ്‍ നമ്പരുകള്‍ എന്നിവ ഉപയോഗിച്ചാണ് പലരും അശ്ലീല ദൃശ്യങ്ങള്‍ കൈമാറുന്നത്. നമ്പര്‍ പോലും വെളിവാക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ടെലഗ്രാം പോലുള്ള പുതിയ ആപുകളാണ് കുട്ടികളുടെ അശ്ലീലചിത്ര വിപണിയിലുള്ളവര്‍ ഉപയോഗിക്കുന്നത്.
ഒരു ലാപ് ടോപ് ഉപയോഗിച്ച് ഒരു സൈബര്‍ ക്രൈം ചെയ്താല്‍ ആ വ്യക്തിയിലേക്ക് എത്താന്‍ പോലീസിനെ സഹായിക്കുന്നത് ലാപിന്റെ ഐപി അഡ്രസാണ്. എന്നാല്‍ ഐ പി ഐഡി മറച്ചുവെച്ച് വ്യജ ഐ പി ഉപയോഗിച്ചും ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. വിപിഎന്‍, പ്രോക്സി ഐപി എന്നീ സാങ്കേതിക വിദ്യയിലൂടെയാണ് ഇത് സാധ്യമാകുന്നത്.
0 Comments