ഓണ്‍ലൈന്‍ ട്രയല്‍ രണ്ടാഴ്ചയാക്കി സര്‍ക്കാര്‍; ഇതിനകം പരിമിതികള്‍ പരിഹരിക്കാന്‍ ശ്രമം


തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലൈന്‍ അധ്യയനത്തിന്റെ ട്രയല്‍ കാലാവധി ഒരാഴ്ച കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ജൂണ്‍ ആദ്യവാരം ട്രയലും പിന്നീട് അടുത്ത ആഴ്ച ഈ ക്ലാസുകളുടെ പുനസംപ്രേക്ഷണവും എന്ന രീതിയായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ട്രയല്‍ സമയം രണ്ടാഴ്ചയായി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രി സഭ തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ച കൊണ്ട് എല്ലാ അപാകതകളും പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് അധ്യയന വര്‍ഷം ആരംഭിച്ചത് വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ക്ലാസുകളിലൂടെയായിരുന്നു. വലിയ പിന്തുണയും അഭിനന്ദനവും പദ്ധതിക്ക് ലഭിച്ചുവെങ്കിലും പലര്‍ക്കും ഈ ക്ലാസുകള്‍ അപ്രാപ്യമായിരുന്നു. പിന്നോക്ക വിഭാഗങ്ങളിലും ആദിവാസി ഊരുകളിലും എല്ലാം പെട്ട വിദ്യാര്‍ത്ഥികളിലേക്ക് ക്ലാസുകള്‍ എത്തുമോ എന്ന് തുടക്കത്തില്‍ തന്നെ ആശങ്കയുണ്ടായിരുന്നു.
ടിവിയും സ്മാര്‍ട്ട് ഫോണും ഇല്ലാത്ത രണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരത്തോളം കുട്ടികളുണ്ടെന്ന റിപ്പോര്‍ട്ട് രണ്ടാഴ്ച മുമ്പ് വന്നിട്ടും ക്ലാസ് തുടങ്ങും മുമ്പ് ഇവരുടെ പ്രശ്‌നം തീര്‍ക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്നും മുന്നൊരുക്കങ്ങളില്‍ സര്‍ക്കാറിനുണ്ടായ വീഴ്ചയുടെ രക്തസാക്ഷിയാണ് ദേവികയെന്ന് പ്രതിപക്ഷനേതാവടക്കം ആരോപിക്കുകയും ചെയ്തിരുന്നു.
പഠനം ഓണ്‍ലൈനിലേക്ക് മാറുമ്പോള്‍ ഉയര്‍ന്ന പ്രധാന ആശങ്ക ടിവിയും കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണുമില്ലാത്ത കുട്ടികള്‍ എന്ത് ചെയ്യുമെന്നതായിരുന്നു. വളാഞ്ചേരിയിലെ ദേവികയുടെ വീട്ടില്‍ ഉണ്ടായിരുന്ന ടിവി കേടായി. സ്മാര്‍ട്ട് ഫോണുമില്ല. ഇതേ പോലുള്ള 2,61,784 കുട്ടികള്‍ സംസ്ഥാനത്താകെ ഉണ്ടെന്നായിരുന്നു സമഗ്രശിക്ഷാ കേരളയുടെ കണ്ടെത്തല്‍.
ഓണ്‍ലൈന്‍ പഠനത്തിന് മുമ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാറിന് രണ്ടാഴ്ച മുമ്പാണ് സര്‍ക്കാരിന് നല്‍കിയത്. ഇവര്‍ക്കായി സമീപത്തെ വായനശാലകളിലും അംഗനവാടികളിലുമൊക്കെ ടിവിയിലൂടെയും ലാപ് ടോപ്പ് വഴിയും ക്ലാസ് ഉറപ്പാക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറുമൊക്കെ ഉറപ്പ് നല്‍കിയത്. പക്ഷെ പലയിടത്തും ക്ലാസ് തുടങ്ങും മുമ്പ് അതുണ്ടായില്ല.
ടിവിയില്ലാത്തവര്‍ക്ക് കെഎസ്എഫ്ഇ സഹായത്തോടൈ ടിവി വാങ്ങി അയല്‍പക്കപഠനകേന്ദ്രത്തിന് തീരുമാനമായതും ക്ലാസ് തുടങ്ങിയ ശേഷം മാത്രം. സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ കാര്യത്തില്‍ പ്രധാന അധ്യാപകര്‍ അടക്കം പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിട്ടും ദേവിക പഠിച്ച സ്‌കൂള്‍ അധികൃതര്‍ക്കും അതിന് കഴിഞ്ഞില്ല.
കാസര്‍കോട്ടെ 30000 ലേറെ വരുന്ന ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഓണ്‍ലൈന്‍ പഠനം ആരംഭിക്കാനായിട്ടില്ല. കന്നഡ തമിഴ് മീഡിയത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാത്തത് ഇടുക്കി അടക്കമുളള ജില്ലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഒറ്റപ്പെട്ട പല പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും ഓണ്‍ലൈന്‍ പഠനത്തിന് തടസം സൃഷ്ടിച്ചു. അതേസമയം, വയനാട്ടിലെയും അട്ടപ്പാടിയിലെയും ചില ആദിവാസി ഊരുകളില്‍ കുടുംബശ്രീ സഹായത്തോടെ സാമൂഹിക പഠന കേന്ദ്രങ്ങള്‍ തുടങ്ങി.
രണ്ടാഴ്ച കൊണ്ട് പാകപ്പിഴകള്‍ പരിഹരിച്ച് ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Post a Comment

0 Comments