കടിഞ്ഞിമൂല റോഡ് ചളിക്കുളമായി; കൗണ്‍സിലര്‍മാരുടെ വീട്ടിലേക്കുള്ള റോഡ് ടാര്‍ ചെയ്തു


നീലേശ്വരം: നഗരസഭ പരിധിയിലെ കടിഞ്ഞിമൂല റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു. കൊട്ടറ കോളനി-പുറത്തെക്കൈ റോഡും പൊട്ടിപൊളിഞ്ഞു. മഴക്കാലം എത്തിയതോടെ റോഡെല്ലാം ചളിക്കുളമായി ഗതാഗതം ദുരിതത്തിലായി.
തൈക്കടപുറം ജംഗ്ഷന്‍ മുതല്‍ കടിഞ്ഞിമൂല മഹാവിഷ്ണു മൂര്‍ത്തി ക്ഷേത്രംവരെയുള്ള റോഡ് മെക്കാഡം ടാറിംഗിന് വേണ്ടി എം.രാജഗോപാലന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ നീക്കിവച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. പക്ഷേ പ്രവൃത്തി മാത്രം നടന്നില്ല. കൂടാതെ കൊട്ടറ കോളനി റോഡിന് എസ്.ടി ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയും പാസാക്കിയിരുന്നു. കടിഞ്ഞിമൂല കുടുംബക്ഷേമ കേന്ദ്രം, വെല്‍ഫയര്‍ എല്‍.പി സ്‌ക്കൂള്‍, കേന്ദ്രീയ വിദ്യാലയം എന്നിവടങ്ങളില്‍ എത്തിച്ചേരേണ്ട വിദ്യാര്‍ത്ഥികളും മറ്റുള്ളവരും സഞ്ചരിക്കേണ്ടത് പൊട്ടിപൊളിഞ്ഞ റോഡില്‍ കൂടിയാണ്. ഇതില്‍ കടിഞ്ഞിമൂല കുടുംബക്ഷേമ ഉപകേന്ദ്രത്തിന് മുമ്പില്‍ റോഡ് തകര്‍ന്ന് കുഴിയില്‍ ചളിവെള്ളം കെട്ടി നില്‍ക്കുകയാണ്. അഞ്ചോളം സ്വകാര്യ ബസുകള്‍ ഈ റോഡില്‍ കൂടി സര്‍വ്വീസ് നടത്തുന്നുണ്ട്. എന്നാല്‍ തകര്‍ന്ന റോഡില്‍ ഓട്ടോറിക്ഷ സര്‍വ്വീസ് നടത്തുവാന്‍ ഡ്രൈവര്‍മാര്‍ തയ്യാറാകുന്നില്ല. കൂടാതെ ഈ റോഡ് ഉള്‍പെടുന്ന നഗരസഭയിലെ രണ്ട് വനിത കൗണ്‍സിലര്‍മാര്‍ തങ്ങളുടെ വീട്ടിലേക്കുള്ള റോഡ് അടിയന്തിരമായി ടാറിംഗ് നടത്തിയത് നാട്ടുകാരില്‍ പ്രതിഷേധത്തിന് കാരണമായി.

Post a Comment

0 Comments