ബ്ലോക്ക് കോണ്‍ഗ്രസ് പുന:സംഘടന; മാനദണ്ഡം ലംഘിച്ചെന്ന് മുതിര്‍ന്ന നേതാക്കള്‍


കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരെഞ്ഞടുപ്പിന് മുമ്പായി കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കുന്നത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് മുതിര്‍ന്ന നേതാക്കളുടെ പരാതി ലഭിച്ചതിനാല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കരുതെന്ന് ഡി.സി സി.പ്രസിഡണ്ടിനോട് കെ.പി.സി.സി ആവശ്യപ്പെട്ടു.
ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.രതികുമാറിന്റെ അംഗീകാരം കൂടി വാങ്ങേണ്ടതുണ്ടായിരുന്നു. രതികുമാര്‍ നാട്ടില്‍ പോയ തക്കം നോക്കി പട്ടിക തകൃതിയില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ജി.രതികുമാറും പട്ടിക അംഗീകരിച്ച് ഒപ്പിടേണ്ടതുണ്ട്. ജൂണ്‍ 20 ന് വൈകുന്നേരത്തോട് കൂടി നിലവിലെ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമാര്‍ക്ക് ഡി.സി.സി പ്രസിഡണ്ട് ഒപ്പിട്ട പുന:സംഘടനാ ലിസ്റ്റ് കൈമാറിയത്. കെ.പി.സി.സിയുടെ മാനദണ്ഡപ്രകാരം 4 വൈസ് പ്രസിഡണ്ടുമാര്‍, 20 ജനറല്‍ സെക്രട്ടറിമാര്‍ 10 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പ്രസിഡണ്ട്, ട്രഷറര്‍ ഉള്‍പ്പെടുന്നതാണ് 36 പേരാണ് ബ്ലോക്ക് കമ്മിറ്റിയില്‍ ഉള്‍പ്പെടേണ്ടത്. എ.ഐ ഗ്രൂപ്പുകള്‍ വീതം വെച്ചാണ് ലിസ്റ്റ് തയ്യാറാക്കിയത്. നിലവില്‍ പ്രഖ്യാപിച്ച ലിസ്റ്റില്‍ ഓരോ ബ്ലോക്കിലും തോന്നുപോലെയാണ് ഭാരവാഹികളുടെ എണ്ണം. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ 4 വൈസ് പ്രസിഡണ്ടുമാരും 32 ജനറല്‍ സെക്രട്ടറിമാരുമാണ് ലിസ്റ്റില്‍ ഉണ്ടായത്. കാറഡുക്കയിലും ഉദുമയിലും എത്തിയപ്പോള്‍ അത് 6 വൈസ് പ്രസിഡണ്ട്മാരായി മാറി. കാറഡുക്ക 26 ജനറല്‍ സെക്രട്ടറിമാര്‍, ഉദുമയില്‍ 35 സെക്രട്ടറിമാര്‍, ബളാലില്‍ 25 സെക്രട്ടറിമാര്‍, മുളിയാറില്‍ 34 സെക്രട്ടറിമാര്‍, നിലേശ്വരം ബ്ലോക്കില്‍ 5 വൈസ് പ്രസിഡണ്ടുമാര്‍ പല ബ്ലോക്കുകളിലും 30 ലധികം ജനറല്‍ സെക്രട്ടറിമാര്‍, ഓരോ ബ്ലോക്കിലെയും ഗ്രൂപ്പ് നേതാക്കള്‍ ഇരുന്ന് കഴിവും, സൗകര്യവുമുള്ള പ്രവര്‍ത്തകരെ കണ്ടെത്തിയാണ് ഭാരവാഹി പട്ടിക തയ്യാറാക്കി മേല്‍ കമ്മിറ്റിക്ക് കൈമാറിയത്. അത് ഡി സി സി യില്‍ എത്തിയപ്പോള്‍ അര്‍ഹരായ പലരെയും വെട്ടിമാറ്റി ഇഷ്ട്ടപ്പെട്ടവരെ തിരുകി കയറ്റിയതിലൂടെയാണ് ഇങ്ങനെ സംഭവിച്ചതെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. 6 വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ബ്ലോക്ക് ഭാരവാഹികളില്‍ നിന്നും ഇന്നുവരെ ഒരു യോഗത്തിലും, ഒരു പരിപാടിയിലും പങ്കെടുക്കാത്ത ഒന്നിലധികം ആളുകള്‍ നിലവിലെ കമ്മിറ്റിയിലുണ്ടെന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് പരിധിയിലെ ഒരു നേതാവ് പറഞ്ഞു. വഴിപോക്കരും ലിസ്റ്റില്‍ പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി കാഞ്ഞങ്ങട്ടെ നേതാവ് പരിഹാസത്തോടെ പറഞ്ഞു. ഓരോ ബ്ലോക്കിലും ഗ്രൂപ്പുകളുടെ 4 വീതം മുതിര്‍ന്ന നേതാക്കള്‍ കൂടിയിരുന്നാണ് കെ.പി.സി.സി മാനദണ്ഡപ്രകാരമുള്ള പ്രവര്‍ത്തകരെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കിയത്. പക്ഷെ ചില ചോട്ടാ നേതാക്കള്‍ തങ്ങള്‍ക്ക് താത്പര്യമുള്ള ആരെ പറഞ്ഞാലും ഡിസി.സി ഓഫീസ് ചുറ്റിപറ്റി നടക്കുന്ന നേതാവ് വിചാരിച്ചാല്‍ നടക്കും എന്നതിന്റെ തെളിവാണ് ഈ ലംഘനമെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.
ഡി. ഐ.സിയില്‍ നിന്നും ചേക്കേറി വന്ന് 'എ' ഗ്രൂപ്പിന്റെ വക്താവെന്ന് സ്വയം ചമയുകയും എന്നാല്‍ 'ഐ' ഗ്രൂപ്പിന് നേതൃത്വം കൊടുക്കുകയും സ്വന്തം ബൂത്ത് കമ്മിറ്റിയോ, വാര്‍ഡ് കമ്മിറ്റിയോ പോലുമില്ലാത്ത കേസില്ലാത്ത ഒരു വക്കീലാണ് ഇതിനു പിന്നിലെന്ന് അറിയിയുന്നു. അനധികൃത ഇടപാടുകളും നടന്നിട്ടുണ്ടാകാനും സാധ്യതയുണ്ടെന്നും നേതാക്കള്‍ കരുതുന്നു. ഇദ്ദേഹത്തിന്റെ ചരടുവലികളില്‍ അസംതൃപ്തരായ ജില്ലയിലെ ഉടനീളമുള്ള വലിയൊരു വിഭാഗം ഗ്രൂപ്പ് വ്യത്യാസമില്ലാത്ത ഭാരവാഹികള്‍ പാര്‍ട്ടിയുടെ സജീവ അംഗത്വം സമീപ ഭാവിയില്‍ രാജിവെയ്ക്കാന്‍ ഒരുങ്ങുകയാണ്. കെ.പി.സി.സി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ട് ഞാന്‍ തീരുമാനിച്ചാല്‍ ജില്ലയില്‍ എന്തും നടപ്പാക്കാന്‍ പറ്റുമെന്ന് ഡി.സി.സി പ്രസിഡണ്ടിന്റെ മുകളിലെ സൂപ്പര്‍ പ്രസിഡണ്ട് ചമയുകയാണിദ്ദേഹം എന്ന് മുതിര്‍ന്ന നേതാക്കള്‍ പോലും പറയുന്നു. ഡി.സി.സിയുടെ യോഗം ചിലപ്പോള്‍ നിയന്ത്രിക്കുന്നത് പോലും ഇദ്ദേഹമെന്ന് പലരും പറയുന്നു. സഹ ഭാരവാഹികളെ യോഗത്തില്‍ തെറിവിളിക്കല്‍ പതിവാണ്. ഉന്നത നേതാക്കള്‍ ജില്ലയിലെത്തിയാല്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തി കൂട്ടികൊണ്ടുവന്ന് നേതാക്കളോട് മറ്റുള്ളവരുടെ കുറ്റം പറയലും, ഗ്രൂപ്പിന്റെ അധിപന്‍ ഞാനെന്നും വരുത്തി തീര്‍ക്കലുമായിരുന്നു ഇതുവരെ. മാനദണ്ഡം ലംഘിച്ച ലിസ്റ്റ് എന്ന നിലയില്‍ ചില ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമാര്‍ പട്ടിക പ്രസിദ്ധീകരിച്ചില്ല. മുതിര്‍ന്ന നേതാക്കളുമയി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ് പലരും.

Post a Comment

0 Comments