ജോസ് കെ. മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പി


തിരുവനന്തപുരം: യു.ഡി. എഫില്‍നിന്നു പുറത്താക്കപ്പെട്ടതിനു പിന്നാലെ, കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ എന്‍.ഡി.എയിലേക്ക് ക്ഷണിച്ച് ബി.ജെ. പി. ദേശീയനേതൃത്വം. ജോസിന് കേന്ദ്രമന്ത്രി സ്ഥാനമാണ് പ്രത്യേകദൂതന്‍ മുഖേനയുള്ള വാഗ്ദാനമത്രെ. ജോസ് കെ മാണി ക്ഷണം സ്വീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. ഇടതുമുന്നണിയുടെ സമീപനം അറിഞ്ഞശേഷമാകും അടുത്ത കരുനീക്കം. മുന്നണിക്ക് പുറത്തായതോടെ ജോസ് വിഭാഗത്തിലും ആശയക്കുഴപ്പമേറി. എല്‍.ഡി.എഫില്‍ ചേക്കേറണമെന്ന് ഒരുവിഭാഗവും കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് യു.ഡി.എഫുമായി അനുരഞ്ജനത്തിലാകണമെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നുണ്ട്. ബി.ജെ.പിക്കൊപ്പം എന്‍.ഡി. എ പാളയത്തിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. എല്‍.ഡി.എഫില്‍ ചേക്കേറിയാല്‍ എത്രമാത്രം സ്വീകാര്യത ലഭിക്കുമെന്നതും നേതാക്കളെ അലട്ടുന്നു. ജോസ് കെ. മാണിക്കു സി.പി.എമ്മില്‍നിന്ന് ചില ഉറപ്പുകള്‍ ലഭിച്ചതായി സൂചനയുണ്ടെങ്കിലും സി.പി.ഐയുടെ എതിര്‍പ്പ് വെല്ലുവിളിയാണ്. ആരെങ്കിലും ഓടികയറി വന്നാല്‍ ഉടന്‍ മുന്നണിയിലെടുക്കാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജോസ് കെ മാണിയെ മുന്നണിയിലെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജോസ് കെ മാണിയുടെ വെന്റിലേറ്ററാവാന്‍ എല്‍ഡിഎഫിന് താല്‍പ്പര്യമില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. കൂടുതല്‍ മാര്‍ക്കറ്റ് കിട്ടാന്‍ കുറച്ചുകാലം തനിച്ച് നില്‍ക്കാമെന്നാണ് സഹപ്രവര്‍ത്തകരില്‍ നിന്നും ജോസ് കെ മാണിക്ക് ലഭിച്ചിട്ടുള്ള ഉപദേശം.
മകനെ കേന്ദ്രമന്ത്രിയാക്കുകയെന്നത് കെ.എം.മാണിയുടെ സ്വപ്നമായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ അത് നടന്നില്ല. ഇത് മകന്‍ ജോസിനറിയാം. അതുകൊണ്ട് ജോസ് കെ മാണി വിഭാഗം ബി.ജെ.പിയുമായി അടുത്താല്‍ അത്ഭുതപ്പെടാനില്ല. പാലാ നിയോജക മണ്ഡലത്തില്‍ ബി.ജെ.പിക്ക് 22000ത്തില്‍പരം വോട്ടുകളുണ്ട്. ബി.ജെ.പി വോട്ടും കെ.എം.മാണിയുടെ വ്യക്തിപരമായ വോട്ടും ചേര്‍ത്താല്‍ ജോസിന്റെ ഭാര്യ നിഷയ്ക്ക് പാലാ മണ്ഡലത്തില്‍ അടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് ഉപദേശിക്കുന്നവരും കേരളാകോണ്‍ഗ്രസിലുണ്ട്. മാണിയുടെ വോട്ട് ബാങ്കില്‍ 90 ശതമാനവും ക്രൈസ്തവ സമൂഹമാണ്. ഇവര്‍ ബി.ജെ.പിയുടെ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്ന ആശങ്കയും ജോസ് കെ മാണിക്കുണ്ട്.
ജോസ് വിഭാഗത്തെ ലക്ഷ്യമിട്ട് ബി.ജെ.പിയുടെ ചരടുവലി നേരത്തേ സജീവമായിരുന്നു. പുതിയ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നതു ബി. ജെ.പി. നേതാക്കളായ ജോര്‍ജ് കുര്യനും എന്‍.കെ. നാരായണന്‍ നമ്പൂതിരിയുമാണ്. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് അല്‍ഫോന്‍സ് കണ്ണന്താനം എം.പിയാണു മധ്യസ്ഥന്‍. സ്വതന്ത്രചുമതലയുള്ള സഹമന്ത്രി സ്ഥാനമാണു മുമ്പ് വാഗ്ദാനം ചെയ്തതെങ്കിലും പുതിയ സാഹചര്യത്തില്‍ കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കാനും ബി.ജെ.പി. തയാറെന്നു സൂചന.തിടുക്കത്തില്‍ ഭാവിതീരുമാനം കൈക്കൊള്ളില്ലെന്നു സൂചന.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ, കേരളാ കോണ്‍ഗ്രസിലെ ഒരു പ്രബലവിഭാഗത്തെ ഒപ്പം നിര്‍ത്തുന്നതു നേട്ടമാകുമെന്ന സന്ദേശം ബി.ജെ.പി. സംസ്ഥാനനേതൃത്വവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. രണ്ട് എം.പിമാരുള്ള ജോസ് പക്ഷത്തിന്റെ പിന്തുണ കേരളത്തിലും എന്‍.ഡി.എയ്ക്കു നേട്ടമാകും. ജോസ് കെ. മാണിയാണു നയം വ്യക്തമാക്കേണ്ടതെന്നും നരേന്ദ്ര മോഡിയുടെ നേതൃത്വം അംഗീകരിക്കുന്നവര്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നുമുള്ള നിലപാടിലാണു ബി.ജെ.പി. സംസ്ഥാനനേതൃത്വം. എന്‍.ഡി.എയിലേക്ക് ഏതൊക്കെ പാര്‍ട്ടികളെ ക്ഷണിക്കണമെന്നു പരിശോധിക്കാന്‍ നേരത്തേ ഒരു ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ക്രിസ്ത്യന്‍ സമുദായത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ബി.ജെ.പി. കാലങ്ങളായി ശ്രമിച്ചുവരുകയാണ്.
അതിനായി പി.സി. തോമസിനെയും അല്‍ഫോന്‍സ് കണ്ണന്താനത്തെയും പാലമാക്കാനുള്ള ശ്രമങ്ങള്‍ വേണ്ടത്ര വിജയിച്ചില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ജോസ് കെ. മാണിയെച്ചൊല്ലി കെ.എം. മാണിയുമായി അകന്ന പി.സി. തോമസും നിലവില്‍ ജോസിനെ കാവിക്കൂടാരത്തിലെത്തിക്കാന്‍ മുന്‍പന്തിയിലുണ്ട്. ജോസ് കെ. മാണി വിഭാഗത്തിനെതിരായ തീരുമാനം കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിനു തിരികൊളുത്തുന്നു. മുമ്പു കെ.എം. മാണിയെ മടക്കിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ദാനം ചെയ്തതു പുതിയ സാഹചര്യത്തില്‍ വീണ്ടും വിവാദമാകും.
ഇപ്പോള്‍ ജോസ് പക്ഷത്തെ മുന്നണിയില്‍നിന്നു പുറത്താക്കിയതോടെ രണ്ട് എം.പിമാരെയാണു യു.പി.എയ്ക്കു നഷ്ടമാകുന്നത്. ജോസ് കെ. മാണി പുറത്തുപോകുന്നതു രാജ്യസഭയില്‍ യു.പി.എയ്ക്കു തിരിച്ചടിയാകും. രാജ്യസഭയിലെ അംഗബലത്തില്‍ ബി.ജെ.പിയും പ്രതിപക്ഷവും തമ്മിലുള്ള അന്തരം നേര്‍ത്താണ്. രാജ്യസഭാംഗത്വം അന്നു ദാനം ചെയ്തതാണ് ഈ അവസ്ഥയ്ക്കു കാരണമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. ജോസ് പക്ഷം എന്‍.ഡി.എയില്‍ ചേക്കേറിയാല്‍ അതു കനത്ത പ്രഹരവുമാകും. ജോസും കൂട്ടരും ഇടതുമുന്നണിയിലേക്കു പോകുമെന്നാണു കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം കരുതുന്നത്.

Post a Comment

0 Comments