ശ്രീശാന്ത് കേരളത്തിന് വേണ്ടി കളിക്കും


കൊച്ചി: പേസര്‍ എസ് ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു. അടുത്ത രഞ്ജി സീസണില്‍ ശ്രീശാന്ത് ടീമില്‍ ഉണ്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ശാരീരിക ക്ഷമത തെളിയിക്കുക മാത്രമാണ് ഏക കടമ്പയെന്നും കെസിഎ പറയുന്നു.
ഐപിഎല്ലിലെ കോഴ വിവാദത്തെ തുടര്‍ന്ന് 2013 ലാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് വന്നത്. ഏഴ് വര്‍ഷമായി ബിസിസിഐ പിന്നീടിത് ചുരുക്കിയിരുന്നു. ഈ സെപ്റ്റംബറില്‍ വിലക്ക് തീരുകയാണ്. ഇതോടെ ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്കെത്തും. അടുത്ത രഞ്ജി സീസണില്‍ കളിക്കും. ഇക്കാര്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ ധാരണയായി. പുതിയ പരിശീലകന്‍ ടിനു യോഹന്നാനുമായി കെസിഎ ഭാരവാഹികള്‍ ഇക്കാര്യം സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ രഞ്ജി ട്രോഫി മത്സരങ്ങള്‍ എന്ന് നടക്കുമെന്നതില്‍ വ്യക്തതയില്ല. എങ്കില്‍പ്പോലും ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ച് പരിശീലനത്തിലേക്ക് കടക്കാനാണ് കെസിഎയുടെ തീരുമാനം. സെപ്റ്റംബറില്‍ വിലക്ക് തീരുന്നതോടെ ശ്രീശാന്തിനെയും ക്യാമ്പിലേക്ക് വിളിക്കും. സന്ദീപ് വാര്യര്‍ തമിഴ്‌നാട്ടിലേക്ക് പോയ സാഹചര്യത്തില്‍ കേരളത്തിന്റെ ബൗളിംഗ് യൂണിറ്റിനെ ശ്രീശാന്താകും നയിക്കുക.

Post a Comment

0 Comments