പ്രവാസികളോട് വീണ്ടും ക്രൂരത ; നീലേശ്വരത്ത് ക്വാറന്റൈനില്‍ കഴിയേണ്ടവരെ കാലിക്കടവില്‍ ഇറക്കി വിട്ടു


ചെറുവത്തൂര്‍: കോവിഡ് കാലത്ത് ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളോട് കാണിക്കുന്ന ക്രൂരത അവസാനിക്കുന്നില്ല.
ഏറ്റവുമൊടുവില്‍ ദുബായില്‍ നിന്നെത്തിയ തൈക്കടപ്പുറത്തെ രണ്ട് പ്രവാസി യുവാക്കള്‍ അധികൃതരുടെ ക്രൂരതക്കിരയാവേണ്ടിവന്നു. ഇന്നലെ ദുബായില്‍ നിന്നും കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയ യുവാക്കള്‍ കെഎസ്ആര്‍ടിസി ബസ്സിലാണ് ക്വാറന്റൈന്‍ സെന്ററിലേക്ക് പുറപ്പെട്ടത്. നീലേശ്വരം നഗരസഭ രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലൊരുക്കിയ ക്വാറന്റൈന്‍ സെന്ററിലേക്ക് വന്ന ഇവരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ ഇറക്കി വിടുകയായിരുന്നു. കാലിക്കടവ് കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പ് കാസര്‍കോടാണെന്നും നീലേശ്വരത്തെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സ്റ്റോപ്പ് ചെയ്യാനാവില്ലെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശാഠ്യം പിടിക്കുകയായിരുന്നു. നീലേശ്വരത്ത് ബസ് നിര്‍ത്താന്‍ പറ്റില്ലെന്ന് കണ്ടക്ടര്‍ തീര്‍ത്തു പറഞ്ഞതോടെ പ്രതിസന്ധിയിലായ പ്രവാസികള്‍ നാട്ടിലെ സാമൂഹിക പ്രവര്‍ത്തകനും എസ്ഡിപിഐ നീലേശ്വരം മുനിസിപ്പല്‍ സെക്രട്ടറിയുമായ എം.വി.ഷൗക്കത്തലിയെ വിവരമറിയിച്ചു. വിഷയം അറിഞ്ഞയുടനെ അദ്ദേഹം നീലേശ്വരം എസ്‌ഐയെയും തുടര്‍ന്ന് ചന്തേര എസ്‌ഐയെയും വിളിച്ച് കാര്യങ്ങള്‍ അറിയിച്ചു. നിര്‍ബന്ധമായും യുവാക്കളെ ക്വാറന്റൈന്‍ സെന്ററില്‍ എത്തിക്കണമെന്ന നിലപാട് തന്നെ പോലീസും എടുത്തെങ്കിലും ഡ്രൈവറും കണ്ടക്ടറും വഴങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് എം.വി.ഷൗക്കത്തലി നീലേശ്വരം വില്ലേജ് ഓഫീസര്‍, മുനിസിപ്പല്‍ അധികൃതര്‍ എന്നിവരെ ബന്ധപ്പെട്ടപ്പോഴും കാസര്‍കോട്ടേക്ക് പോവുന്ന ബസ്സിന് നീലേശ്വരത്ത് നിര്‍ത്തുന്നതില്‍ യാതൊരു തടസ്സവുമില്ലെന്ന് അവരും വ്യക്തമാക്കി. ഇതൊന്നും ചെവികൊടുക്കാത്ത ബസ് ജീവനക്കാര്‍ പ്രവാസികളെ കാലിക്കടവ് വഴിയരികില്‍ ഇറക്കി വിടുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ യുവാക്കള്‍ക്ക് അടിയന്തിരമായി ഭക്ഷണമെത്തിക്കുകയും കാലിക്കടവില്‍ നിന്ന് സ്വകാര്യ ടാക്‌സിയില്‍ രാജാസ് സ്‌കൂളിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിക്കുകയുമായിരുന്നു.
പ്രവാസികളോട് ശത്രുക്കളോടെന്ന രീതിയില്‍ പെരുമാറുന്ന അധികൃതരുടെ നടപടി ഏറെ വേദനിപ്പിച്ചെന്നും ഇനിവരുന്ന പ്രവാസികളോടെങ്കിലും ഈ രീതിയില്‍ പെരുമാറാതിരിക്കാനുള്ള ഇടപെടലുകള്‍ നടത്തണമെന്നും ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന യുവാക്കള്‍ ആവശ്യപ്പെടുന്നു.

Post a Comment

0 Comments