കൊച്ചി: യുവനടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി ഹണി എം. വര്‍ഗീസിന്റെ സ്ഥലംമാറ്റ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. നടിയെ ആക്രമിച്ച കേസിലെ വിചാരണാനടപടി ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു സ്ഥലം മാറ്റം. ഇതു വിചാരണാനടപടികളെ ബാധിക്കുമെന്നുകണ്ടാണു മരവിപ്പിച്ചത്.
പ്രതികളായ ദിലീപും മറ്റും മേല്‍ക്കോടതികളിലടക്കം പല തവണ ഹര്‍ജി നല്കിയതിനാല് വിചാരണ രണ്ടരവര്‍ഷത്തോളം വൈകിയാണ് തുടങ്ങിയത്. ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ച്, പ്രത്യേക ഹര്‍ജി നല്കി, കേസ് പരിഗണിക്കാന്‍ വനിതാ ജഡ്ജി തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി എം. വര്‍ഗീസിനെ വിചാരണയ്ക്കായി നിയോഗിച്ചത്. സാധാരണ സ്ഥലംമാറ്റ നടപടിയുടെ ഭാഗമായാണു ഹണി എം. വര്‍ഗീസിനും കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം ലഭിച്ചത്. എന്നാല്‍ ഇതു കേസിന്റെ വിചാരണാനടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അടക്കമുണ്ടായി.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും വിചാരണാ നടപടി രണ്ടു മാസത്തോളം തടസപ്പെട്ടിരുന്നു. ഒന്നാം സാക്ഷിയായ നടിയുടെ ക്രോസ് വിസ്താരം നാളെ പൂര്‍ത്തിയാവും. പ്രോസിക്യൂഷന്ഭാഗത്തുനിന്നു ഇനിയും നൂറില്‍പരം സാക്ഷികളുടെ വിസ്താരം നടക്കാനുണ്ട്. അതിനുശേഷം പ്രതിഭാഗം സാക്ഷിവിസ്താരവും നടക്കണം. ഇതിനെല്ലാംകൂടി ചുരുങ്ങിയത് അഞ്ചുമാസം വേണ്ടിവരുമെന്നാണു കരുതുന്നത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. കോവിഡ് സുരക്ഷ മുന്‍നിര്‍ത്തി നടന് ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ കോടതിയില്‍ ഹാജരായിട്ടില്ല. നടിയുടെ സഹോദരന്, നടി രമ്യാ നമ്പീശന്, സംവിധായകന് ലാലിന്റെ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരമാണിനി നടക്കാനുള്ളത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം വിചാരണ ആറു മാസത്തിനകം തീര്‍ക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണു ഹൈക്കോടതിയുടെ ഇടപെടല്‍. മറ്റൊരു ഉത്തരവുവരെ സ്ഥലം മാറ്റഉത്തരവ് റദ്ദാക്കപ്പെടും..
0 Comments