മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: 'ഐ' ഗ്രൂപ്പുകാര്‍ മറുകണ്ടംചാടി


കാഞ്ഞങ്ങാട്: കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി മാറിത്തുടങ്ങിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളും ചാക്കിടലും സജീവമായി.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍എം.അസിനാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ 'എ' ഗ്രൂപ്പും മണ്ഡലം പ്രസിഡണ്ട് മഞ്ഞകുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പും വെവ്വേറെ കൂടിയാലോചനകള്‍ തുടങ്ങി. ഐ ഗ്രൂപ്പുകാരനായ ഡിസിസി സെക്രട്ടറി വിനോദ്കുമാര്‍ പള്ളയില്‍വീടിനാണ് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ സംഘടനാചുമതല. ഇതിനിടയില്‍ ഐ ഗ്രൂപ്പുകാരായ അനില്‍ വാഴുന്നോറടിയും മുന്‍ മണ്ഡലം പ്രസിഡണ്ട് ബാബുരാജ് വക്കീലും മറുകണ്ടംചാടി എ ഗ്രൂപ്പിലെത്തി. ഇരുവരും നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചന. കരുവളം വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ ടി.കുഞ്ഞികൃഷ്ണന്‍ കോവിഡ് കാലത്തുതന്നെ ചൂണ്ടയിട്ടുതുടങ്ങി.
കഴിഞ്ഞ തവണ കുഞ്ഞികൃഷ്ണനോടുള്ള ശത്രുതമൂലം പലരും സുലൈഖയ്ക്ക് വോട്ട് ചെയ്തതുകൊണ്ടാണ് സുലൈഖ വിജയിച്ച് നഗരസഭാ കൗണ്‍സിലറായത്. കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള വാര്‍ഡാണ് കരുവളം. അടുത്തതവണയും കുഞ്ഞികൃഷ്ണനെതിരെ കോണ്‍ഗ്രസില്‍തന്നെ പട ഒരുങ്ങാനുള്ള സാധ്യതകള്‍ തെളിഞ്ഞിട്ടുണ്ട്. വി.ഗോപി, രവീന്ദ്രന്‍ ചേടീറോഡ്, പ്രഭാകരന്‍ വാഴുന്നോറടി തുടങ്ങിയവരാണ് മഞ്ഞകുഞ്ഞികൃഷ്ണന്റെ പിന്നില്‍ അണിനിരന്നിരിക്കുന്നത്. ഡി.സി.സി സെക്രട്ടറി പി.വി. സുരേഷ് എല്ലാ പിന്തുണയുമായി ഇവര്‍ക്കൊപ്പമുണ്ട്. ഒത്തുപിടിച്ചാല്‍ അടുത്തതവണ നഗരസഭാഭരണം പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിലേയും മുസ്ലീംലീഗിലേയും വിലയിരുത്തല്‍. രണ്ടുപാര്‍ട്ടികളിലേയും സ്ഥിരം താരങ്ങളെ ജനങ്ങള്‍ മടുത്തു. പുതുമുഖങ്ങളെ രംഗത്തിറക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Post a Comment

0 Comments