കോവിഡ്: അനധികൃത ഭക്ഷണ വില്‍പ്പനയ്ക്ക് എതിരെ നടപടി വേണം


കാസര്‍കോട്: കോവിഡ് 19 തടയുന്നതിന് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സാഹചര്യത്തില്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തി ജില്ലയില്‍ തട്ടുകളുടെയും, മറ്റ് അനധികൃത ഭക്ഷണ വില്‍പ്പന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ്, ജനറല്‍ സെക്രട്ടറി നാരായണ പൂജാരി, സംസ്ഥാന കമ്മിറ്റി അംഗം ഐഡിയല്‍ മുഹമ്മദ് എന്നിവര്‍ കളക്ടറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഹോട്ടലുകളില്‍ കര്‍ശന നിയന്ത്രണം പാലിച്ചാണ് ഭക്ഷണ വിതരണം ചെയ്യുന്നത്.
എന്നാല്‍ ഒരു നിയന്ത്രണവും ഇല്ലാതെ തട്ടുകടകളും, വാഹനങ്ങളുപയോഗിച്ചുള്ള ഭക്ഷണ വില്‍പ്പനയും ജില്ലയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ് ഇത് കര്‍ശനമായി തടയാനും, കൂടാതെ പലചരക്ക് കടകളില്‍ പോലും പാകം ചെയ്ത ഭക്ഷണ പൊതികള്‍ വില്‍പ്പന നടത്തുന്നതിനെതിരെ കര്‍ശന നടപടി വേണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കോവിഡിനെ തുടര്‍ന്ന് സാമൂഹിക അകലം പാലിച്ചും, കസ്റ്റമേഴ്‌സിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് ഹോട്ടലുകളില്‍ ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്. പല ഹോട്ടലുകളിലും ഡിസ്‌പോസിബിള്‍ ഗ്ലാസ്, പ്ലേറ്റ്, വാഴയില തുടങ്ങിയവ ഉപയോഗിച്ചാണ് ഭക്ഷണം നല്‍കുന്നത്.
എന്നാല്‍ മേല്‍ പറഞ്ഞവയില്‍ ഒരു നിയന്ത്രണവും ഇല്ലാതെ ഭക്ഷണം വിളമ്പുന്നത് കോവിഡ് സമൂഹ വ്യാപനം പോലും ഉണ്ടാക്കിയേക്കാമെന്ന് ഭാരവാഹികള്‍ ആശങ്ക പ്രകടിപ്പിച്ചു. നിലവിലുള്ള നിയമങ്ങളെ വെല്ലുവിളിച്ചും കോവിഡിന്റെ സാഹചര്യത്തില്‍ സമൂഹ വ്യാപനത്തിന് വരെ വഴിവെക്കാവുന്ന തട്ടുകടകളുടെയും വാഹനങ്ങള്‍ വഴിയുമുള്ള ഭക്ഷണ വില്‍പ്പനയ്‌ക്കെതിരെയും നടപടി ഉണ്ടായിട്ടില്ലെങ്കില്‍ ഹോട്ടലുകള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് നിര്‍ബന്ധിതരായി തീരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments