കുറിയിടപാട്; അന്വേഷണ കമ്മറ്റി റിപ്പോര്‍ട്ട് നല്‍കി, എ.സി നാളെ


നീലേശ്വരം: സിപിഎം നീലേശ്വരം ഏരിയാകമ്മറ്റിക്ക് വേണ്ടി പുതിയകെട്ടിടം പണിയാന്‍ പണം കണ്ടെത്താനായി ലക്ഷങ്ങളുടെ കുറിനടത്തിയതുമായി ബന്ധപ്പെട്ട വിവാദം വീണ്ടും മറനീക്കി പുറത്തുവരുന്നു.
കുറിയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ ഇടപാട് നടന്നുവെന്നാണ് ആരോപണമുയര്‍ന്നത്. ഇതേകുറിച്ച് അന്വേഷിക്കാന്‍ ഏരിയാകമ്മറ്റി അംഗങ്ങളായ കെ.ലക്ഷ്മണന്‍, കെ.നാരായണന്‍ എന്നിവരെ അന്വേഷണ കമ്മീഷനായി നിയോഗിച്ചിരുന്നു. ഇവര്‍ കഴിഞ്ഞ ഏരിയാകമ്മറ്റിയോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് ചര്‍ച്ച ചെയ്യാനായി നാളെ കേന്ദ്രകമ്മറ്റിയംഗം പി.കരുണാകരന്റെ സാന്നിധ്യത്തില്‍ യോഗം ചേരുന്നുണ്ട്. കഴിഞ്ഞ ഏരിയാകമ്മറ്റിയോഗത്തില്‍ തന്നെ ഇതുസംബന്ധിച്ച് രൂക്ഷമായ വാക്കേറ്റം നടന്നിരുന്നു. മടിക്കൈയിലെയും കരിന്തളത്തെയും നേതാക്കളാണ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. ഒടുവില്‍ ഈ തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ ഏരിയാകമ്മറ്റി പിരിച്ചുവിടുമെന്ന് യോഗത്തില്‍ സംബന്ധിച്ച ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ മുന്നറിയിപ്പും നല്‍കിയത്രെ.
അതുകൊണ്ടുതന്നെ നാളെനടക്കുന്ന യോഗത്തില്‍ ഈ വിഷയം കത്തിപടര്‍ന്നേക്കും. കുറിയില്‍ ചിറ്റാളനായിരുന്ന നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെ ഡോ.സാജു തോമസ് പാര്‍ട്ടിക്ക് കത്തുനല്‍കിയതോടെയാണ് കുറിയിലെ ക്രമക്കേട് പുറത്തുവന്നത്. സിപിഎം നടത്തിവന്നിരുന്ന കുറിയായതിനാല്‍ കുറിവിളിച്ചിട്ടും പണംകിട്ടാത്തതിനാല്‍ ആരും പരാതിയുമായി രംഗത്തുവന്നിരുന്നില്ല. ഡോ.സാജു തോമസ് പരാതിനല്‍കുകയും പണം കിട്ടുകയും ചെയ്തതോടെയാണ് കുറികിട്ടാനുള്ള മറ്റുള്ളവരും പരാതിയുമായി പാര്‍ട്ടിക്കുമുന്നിലെത്തിയത്. കുറിവിളിച്ചവര്‍ക്കെല്ലാം ഏറെ വൈകിയാണെങ്കിലും തുക കെട്ടികൊടുത്തു. 1000500 രൂപയുടെ രണ്ട് വീതം കുറികളാണ് അന്ന് നടത്തിയത്. പാര്‍ട്ടി നീലേശ്വരം ഏരിയാകമ്മറ്റി പരിധിയിലെ ധനാഢ്യന്‍മാരെയാണ് കുറിയിലെ അംഗങ്ങളായി ചേര്‍ത്തിരുന്നത്. കുറിയില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ ഓരോ ഏരിയാകമ്മറ്റി അംഗത്തിനും ക്വാട്ട നിശ്ചയിച്ചു നല്‍കിയിരുന്നു. ഇവരാണ് അതാത് മാസം കുറിയില്‍ ചേര്‍ന്നവരില്‍ നിന്നും തുക ശേഖരിച്ച് എത്തിച്ചിരുന്നത്. എന്നിട്ടും ഇപ്പോഴും ലക്ഷക്കണക്കിന് രൂപ പിരിഞ്ഞുകിട്ടാനുണ്ടെന്നാണ് പറയുന്നത്.
അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച ഇ.എം.എസിന്റെ പേരിലുള്ള ഏരിയാകമ്മറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഇ.എം.എസിന്റെ പേരില്‍ മന്ദിരം നിര്‍മ്മിക്കാന്‍ നടത്തിയ കുറിയില്‍ ക്രമക്കേട് നടന്ന സംഭവം പാര്‍ട്ടിയെ ഏറെ നാണക്കേടിലാക്കിയിരുന്നു.

Post a Comment

0 Comments