ബസ് സര്‍വ്വീസ് നാളെ മുതല്‍; വര്‍ദ്ധിപ്പിച്ച നിരക്ക് പിന്‍വലിച്ചു


തിരുവനന്തപുരം: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിര്‍ത്തിവെച്ച ബസ് സര്‍വ്വീസ് നാളെ പുനരാരംഭിക്കും.
ബസുകളില്‍ മുഴുവന്‍ സീറ്റുകളിലും ഇരിക്കാം. നിന്ന് യാത്രചെയ്യാന്‍ അനുവദിക്കില്ല. കഴിഞ്ഞദിവസം വര്‍ദ്ധിപ്പിച്ച നിരക്ക് സര്‍ക്കാര്‍ പിന്‍വലിച്ചു. 2190 ഓര്‍ഡിനറി സര്‍വീസുകളും 1037 അന്തര്‍ ജില്ലാ സര്‍വീസുകളുമായിരിക്കും നടത്തുക. തിക്കിത്തിരക്കി ബസില്‍ കയറിയാല്‍ നടപടി ഉണ്ടാവും. നിയന്ത്രിത മേഖലകളില്‍ സ്റ്റോപ്പ് ഉണ്ടാവില്ല. സ്ഥിതി മെച്ചപ്പെട്ടാല്‍ അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങാനാണ് തീരുമാനം.
കേന്ദ്രം പ്രഖ്യാപിച്ച അണ്‍ലോക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിച്ചാണ് കേരളം ഇളവുകളുടേയും നിയന്ത്രണങ്ങളുടേയും മാര്‍ഗ്ഗ നിര്‍ദ്ദേശം ഇറക്കിയത്. പകുതി സീറ്റുകളില്‍ യാത്രാനുമതി എന്നാണ് ആദ്യം ആലോചിച്ചതെങ്കിലും വിമാനത്തിലും ട്രെയിനിലും അങ്ങനെ അല്ലാത്തതിനാല്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ കയറ്റാം. മാസ്‌ക്കുകള്‍ നിര്‍ബന്ധമാണ്.
സ്വകാര്യ വാഹനങ്ങളിലൂടെയുള്ള അന്തര്‍സംസ്ഥാന യാത്രക്ക് തുടര്‍ന്നും പാസ് നിര്‍ബന്ധമാക്കും. നാല് ചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം നാലുപേര്‍ക്കും ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ക്കും യാത്രാനുമതി ഉണ്ട്.

Post a Comment

0 Comments