കുമ്പള: കുമ്പള പെര്‍വാഡില്‍ കോവിഡ് പരിശോധനയുടെ ഭാഗമായി സ്രവസാമ്പിള്‍ എടുക്കാനെത്തിയ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞു.
ഇന്നലെ വൈകീട്ട് പെര്‍വാഡ് സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് സംഭവം. നാല് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എട്ടംഗ ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെ ചികിത്സക്കെത്തിയവരുടെ സ്രവം എടുക്കുന്നതിനിടെ ജോലി തടസപ്പെടുത്തുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഡോ.സിദ്ധാര്‍ഥിന്റെ പരാതിയില്‍ റസാക്ക്, ഷംസുദ്ദീന്, മുസ്തഫ തുടങ്ങി 20 പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. വിവിധ മേഖലകളിലുള്ളവരുടെ സ്രവസാമ്പിളുകള്‍ ശേഖരിക്കാകാനെത്തിയതായിരുന്നു ആരോഗ്യ വിഭാഗം. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം 16 പേരുടെ സ്രവം എടുക്കാനാണ് തീരുമാനിച്ചിരുന്നത്. ഒരു കുട്ടിയുടെ അടക്കം അഞ്ചുപേരുടെ സ്രവം എടുക്കാനുള്ള ഒരുക്കത്തിനിടെ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിയ സംഘം സാമ്പിള്‍ എടുക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാരെ തടയുകയായിരുന്നു. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും എത്തിയ വാഹനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഭീഷണി കാരണം സ്രവസാമ്പിള്‍ ശേഖരണം തുടരാനായില്ല. കുമ്പള പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്ന കൊവിഡ്ബാധിതരുമായി ഇടപഴകുന്നവരുടെ പട്ടിക ആരോഗ്യപ്രവര്‍ത്തകര്‍ തയ്യാറാക്കിവരികയാണ്. ഈ പട്ടികയില്‍ പെടുന്നവരെയാണ് നിശ്ചിത കേന്ദ്രങ്ങളില്‍ വിളിച്ചുവരുത്തി സ്രവപരിശോധന നടത്തുന്നത്.
0 Comments