ചക്ക തലയില്‍ വീണ് പരിക്കേറ്റ യുവാവ് വെന്റിലേറ്ററില്‍


എണ്ണപ്പാറ: തലയില്‍ ചക്ക് വീണ് പരിക്കേറ്റതിന് പിന്നാലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് സ്ഥിരീകരിച്ച എണ്ണപ്പാറ മുക്കുഴി കരിയത്ത് കോത്തൂര്‍ റോബിനെ (42) വെന്റിലേറ്ററിലേക്ക് മാറ്റി.
മെയ് മൂന്നാമത്തെ ആഴ്ചയിലാണ് പറമ്പില്‍ തോട്ടിയില്‍ കത്തികെട്ടി ചക്ക പറിക്കുന്നതിനിടയില്‍ തലയില്‍ ചക്ക വീണത്. റോബിന്‍ തനിച്ചാണ് ചക്കപറിക്കാന്‍ പോയത്. ഏറെ സമയം കഴിഞ്ഞിട്ടും റോബിന്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് റോബിനെ ബോധരഹിതനായി പ്ലാവിന്റെ ചുവട്ടില്‍ കണ്ടെത്തിയത്. സാരമായ പരിക്കേറ്റതിനാല്‍ യുവാവിനു ശസ്ത്രക്രിയ ആവശ്യമായിരുന്നു. കോവിഡിന്റെ ലക്ഷണങ്ങളൊന്നും ഇയാള്‍ക്കുണ്ടായിരുന്നില്ല. എങ്കിലും കാസര്‍കോട്ടു നിന്നുള്ള രോഗിയായതിനാല്‍ സ്രവം പരിശോധിക്കാന്‍ പരിയാരത്തെ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് ഫലം വന്നപ്പോള്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയാണുണ്ടായത്. വിദേശത്ത് നിന്ന് എത്തിയവരുമായോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമായോ റോബിന് ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ ചികിത്സയിലൂടെ റോബിന്റെ കൊവിഡ്ബാധ സുഖപ്പെട്ടിരുന്നു.

Post a Comment

0 Comments