വാര്‍ റൂം തുറന്ന് സിപിഎമ്മും ബി.ജെ.പിയും; ഇരുട്ടില്‍ തപ്പി കോണ്‍ഗ്രസ്


കാഞ്ഞങ്ങാട്: പഞ്ചായത്ത് തെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങളുടെ ഭാഗമായി സി.പി.എമ്മും ബി.ജെ.പി.യും ലോക്കല്‍ തലങ്ങളില്‍ സോഷ്യല്‍ മീഡിയാ വാര്‍ റൂമുകള്‍ സ്ഥാപിച്ച് മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് നിയോഗിച്ച സോഷ്യല്‍ മീഡിയാ കമ്മറ്റികളില്‍ പലതും നോക്കുകുത്തികളായി. പല ജില്ലകളിലും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച കമ്മറ്റിയുടെ പഠനം പോലും പൂര്‍ത്തീകരിച്ചിട്ടില്ല.
തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് ഒക്‌ടോബറില്‍ തന്നെ നടക്കുമെന്ന് ഉറപ്പായതോടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സോഷ്യല്‍ മീഡിയായുടെ പ്ലാറ്റ്‌ഫോം ഫലപ്രദമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. സി.പി.എം സംസ്ഥാന ഓഫീസിന് പുറമേ ജില്ലാ കമ്മറ്റി ഓഫീസുകളിലും ഏരിയാ കമ്മറ്റി ഓഫീസുകളിലും സോഷ്യല്‍ മീഡിയാ റൂമുകള്‍ തയ്യാറായി കഴിഞ്ഞു. പ്രാദേശിക തലങ്ങളില്‍ വാര്‍ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പ്രചാരണങ്ങള്‍ സജീവമാണ്.
ലൈവ് പ്രസംഗങ്ങള്‍ നടത്തുന്നതിനും സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമായി സോഷ്യല്‍ മീഡിയാ സ്റ്റുഡിയോകളാണ് സി.പി.എം ജില്ലാ ഓഫീസുകള്‍ കേന്ദ്രീകരിച്ച് സ്ഥാപിക്കുന്നത്. സി.പി.എം കോട്ടയം ജില്ലാ കമ്മറ്റി ഓഫീസില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച അത്യാധുനിക സോഷ്യല്‍ മീഡിയാ സ്റ്റുഡിയോയുടെ ഉദ്ഘാടനം മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്‍ നിര്‍വഹിച്ചു.
സി.പി.എം നേരത്തെ നടത്തിവന്നിരുന്ന പാര്‍ട്ടി പഠനക്ലാസുകള്‍ ഇനി മുതല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ ഫേസ് ബുക്ക് പേജിലും യുട്യൂബിലും വഴി നടത്താന്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ട്. പ്രതിവാര പഠന പരിപാടി എന്ന രീതിയില്‍ എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 7.30നാണ് പഠനക്ലാസ് സംഘടിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയാവഴിയുളള പ്രചരണത്തില്‍ ബി.ജെ.പി ഒരുപടി കൂടി മുന്നിലാണ്.
പാര്‍ട്ടി സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ.ടി.സെല്ലിന്റെ നേതൃത്വത്തിലാണ് ബി.ജെ.പിയുടെ പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ ഐ.ടി കണ്‍വീനര്‍ ജോയിന്റ് കണ്‍വീനര്‍ എന്നിവരെ നിയോഗിച്ച് കഴിഞ്ഞു. എല്ലാ ഓഫീസുകളും കേന്ദ്രീകരിച്ച് ലൈവ് സപ്രേക്ഷണത്തിനുളള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് കൂടാതെ എല്ലാ മണ്ഡലം പ്രസിഡന്റ്ുമാരെയും അഡ്മിനാക്കി വാട്‌സ് അപ്പ് ഗ്രൂപ്പുകളും ആരംഭിച്ചു കഴിഞ്ഞു. മണ്ഡലം പ്രസിഡന്റുമാര്‍ മുതല്‍ സംസ്ഥാന പ്രസിഡന്റുമാര്‍വരെയുളള പാര്‍ട്ടി നേതാക്കളും പോഷകസംഘടനാ നേതാക്കളും സോഷ്യല്‍മീഡിയാ വഴി ലൈവായോ റെക്കോര്‍ഡ് ചെയ്‌തോ പാര്‍ട്ടിയുടെ നയം 'വെബിനാര്‍' വഴിയോ ഫേസ് ബുക്ക് വഴിയോ വിശദീകരിക്കണമെന്നാണ് നിര്‍ദ്ദേശം.
സി.പി.എമ്മും, ബി.ജെ.പിയും പ്രചരണത്തില്‍ ഇത്തരത്തില്‍ മുന്നേറുമ്പോഴാണ് പല ജില്ലകളിലും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയായില്‍ പിന്നോക്കം നില്‍ക്കുന്നത്. കെ.പി.സി.സി ആസ്ഥാനത്ത് മാത്രമാണ് സോഷ്യല്‍ മീഡിയായുടെ പ്രവര്‍ത്തനം അല്‍പ്പമെങ്കിലും ആരംഭിക്കാന്‍ കഴിഞ്ഞത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പ്രചരണം സോഷ്യല്‍ മീഡിയ നിയന്ത്രിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. ആള്‍ക്കൂട്ടം കൂടിയുളള പ്രചരണങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കുമെല്ലാം ശക്തമായ നിയന്ത്രണം വരും. നിലവിലെ സാഹചര്യത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും പ്രചരണത്തിന് സോഷ്യല്‍ മീഡിയാ ഉപയോഗിക്കേണ്ടിവരും.

Post a Comment

0 Comments