ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടും ഫലമില്ല; കേരളാകോണ്‍ഗ്രസില്‍ പൊട്ടിത്തെറി


കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസി(എം)ലെ ജോസ് ജോസഫ് പക്ഷങ്ങള്‍ തമ്മിലുള്ള ഭിന്നത പരിഹരിക്കാനുള്ള യു. ഡി.എഫ് ശ്രമങ്ങള്‍ ഫലിച്ചില്ല.
ജോസ് കെ മാണി മുന്നോട്ട് വെച്ച ഉപാധികള്‍ അംഗീകരിക്കില്ലെന്ന് ജോസഫ് പക്ഷം വ്യക്തമാക്കി. ജില്ലാ പഞ്ചായത്തിലെ പദവി മാറ്റം മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. തദ്ദേശനിയമസഭാ തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം പിന്നീട് ചര്‍ച്ച ചെയ്യുമെന്ന് ജോസഫ് പക്ഷം വ്യക്തമാക്കി. ജോസഫ് വിഭാഗത്തിന്റെ യോഗം ഇന്ന് ഉച്ചയ്ക്ക് ചങ്ങനാശേരിയില്‍ നടക്കുന്നുണ്ട്.
മാണിജോസഫ് ലയനസമയത്ത് അംഗീകരിച്ച അനുപാതത്തില്‍ ഇപ്പോഴത്തെ തെരഞ്ഞെടുപ്പിലും സീറ്റ് വീതം വയ്ക്കണമെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റെ ആവശ്യം. അതായത് പിടിച്ചെടുത്ത സീറ്റുകള്‍ നല്‍കണമെന്നാണ് ജോസ് വിഭാഗം ആവശ്യപ്പെടുന്നത്. തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് അംഗീകരിച്ചാല്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കുമെന്നും ജോസ് കെ മാണി വിഭാഗം അറിയിച്ചിരുന്നു.
ബുധനാഴ്ച രാത്രി നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി ഇന്നലെ മുസ്ലിംലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയും പാണക്കാട് ഹൈദരലി തങ്ങളും മുന്‍കൈയെടുത്ത് ജോസ്പക്ഷവുമായി കൂടിയാലോചന നടത്തിയിരുന്നു. കൊടപ്പനയ്ക്കല്‍ തറവാടും കെ. എം. മാണിയുമായുള്ള ബന്ധം ഓര്‍മിപ്പിച്ച് മുന്നണി വിടുന്നതുപോലുള്ള കടുത്ത തീരുമാനങ്ങളിലേക്കു പോകാതെ വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്ന തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
തുടര്‍ന്ന് ജോസ് കെ. മാണി തന്നോടൊപ്പമുള്ള എം.എല്‍. എമാരും എം.പിയും മറ്റു പ്രധാന നേതാക്കളുമായി കൂടിയാലോചന നടത്തി പുതിയ ഉപാധികള്‍ മുന്നോട്ടുവച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം രാജിവയ്ക്കുന്നപക്ഷമുണ്ടാകുന്ന നഷ്ടം നികത്താന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. വരുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസി (എം)ന്റെ സീറ്റുകള്‍ തങ്ങള്‍ക്കുതന്നെ ലഭിക്കണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ മാണി വിഭാഗത്തിന് നല്‍കിയ 11 സീറ്റുകളും നല്‍കുമെന്ന് ഉറപ്പുവേണമെന്നും ജോസ് കെ. മാണി ഉപാധിവച്ചു. എന്നാല്‍ ഇത് ജോസഫ് പക്ഷം ഇത് തള്ളുകയാണുണ്ടായത്.

Post a Comment

0 Comments