മെട്രോ മുഹമ്മദ്ഹാജി അന്തരിച്ചു


കാഞ്ഞങ്ങാട്: പൗരപ്രമുഖനും മുസ്ലീംലീഗ് നേതാവുമായ മെട്രോമുഹമ്മദ് ഹാജി അന്തരിച്ചു. മരിക്കുമ്പോള്‍ ദ്ദേഹത്തിന് 72 വയസാണ് പ്രായം. ഇന്ന് ഉച്ചയോടെ കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട്, നോര്‍ത്ത് ചിത്താരി മുസ്ലീം ജമാഅത്ത് പ്രസിഡണ്ട്, മുസ്ലീംലീഗ് സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം, മുസ്ലീംലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ഡയറക്ടര്‍, സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ ഡയറക്ടര്‍, എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍, മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍, സുന്നിമുഹല്ല് ഫെഡറേഷന്‍ ജില്ലാ ട്രഷറര്‍, ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍, പെരിയ അംബേദ്കര്‍ കോളേജ് മാനേജിംഗ് ഡയറക്ടര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡണ്ട്,കെ.എം. സി.സി യു.എ.ഇ കമ്മിറ്റി ഉപദേശക സമിതിയംഗം, ന്യുനപക്ഷ വിദ്യഭ്യാസ സമിതി സംസ്ഥാന ട്രഷറര്‍, എസ്.എം.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രഷറര്‍, സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക സമിതിയംഗം, ചട്ടഞ്ചാല്‍ മാഹിനാബാദ് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം, കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന കമ്മിറ്റിയംഗം തുടങ്ങി നിരവധി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സാരഥ്യം വഹിക്കുന്നതിനിടയിലാണ് മെട്രോമുഹമ്മദ് ഹാജിക്ക് ഗുരുതരമായ രോഗം പിടിപെട്ടത്. മുംബൈ കേരള വെല്‍ഫയര്‍ ലീഗ്, മുംബൈ കേരള മുസ്‌ലിം ജമാഅത്ത് എന്നിവയുടെ മുന്‍പ്രസിഡന്റും റൈഫിള്‍ അസോസിയേഷന്‍ മുന്‍ ജില്ലാ ട്രഷററുമായിരുന്നു.
മികച്ച സംഘാടകനുള്ള സമസ്തയുടെ അവാര്‍ഡുകള്‍ക്ക് പുറമെ,എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ശംസുല്‍ ഉലമാ അവാര്‍ഡ്, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് സ്മാരക അവാര്‍ഡ്,രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ്,പ്രവാസി കര്‍മ്മ പുരസ്‌കാര, ഗാന്ധി ദര്‍ശന്‍ അവാര്‍ഡ്, കുവൈത്ത് കെ.എം.സി.സിയുടെ ഇ.അഹമ്മദ് അവാര്‍ഡ്, ന്യുനപക്ഷ വിദ്യഭ്യാസ സമിതിയുടെ മികച്ച വിദ്യഭ്യാസ പ്രവര്‍ത്തകനുള്ള അവാര്‍ഡ്, കോയമ്പത്തൂര്‍ കാരുണ്യ ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്റെ കാരുണ്യ ദര്‍ശന്‍ അവാര്‍ഡ്, ദക്ഷിണേന്ത്യന്‍ കള്‍ച്ചറല്‍ സമാജ രത്‌ന അവാര്‍ഡ്, ഉള്‍പ്പെടെ ഒട്ടനവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു.
പാണക്കാട് കൊടപനയ്ക്കല്‍ തറവാടുമായി വലിയ ആത്മ ബന്ധം ഉണ്ടായിരുന്ന മെട്രോ മുഹമ്മദ് ഹാജിക്ക് പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു. പരേതനായ ഉഡുപ്പി പേജവാര്‍ മഠാധിപതി ശ്രീ വിശ്വേശ തീര്‍ഥ ഉള്‍പ്പെടെയുള്ള ഇതര മത ആത്മീയ നേതാക്കളുമായി അദ്ദേഹത്തിന് ഏറെ ആത്മ ബന്ധമുണ്ടായിരുന്നു. ഒട്ടനവധി വ്യാപാര സ്ഥാപനങ്ങള്‍ യു.എ.ഇ, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളില്‍ നടത്തി വന്നിരുന്നു.
സ്വപ്രയത്‌നത്താല്‍ ഒട്ടേറെ സമ്പത്തിനുടമയായി. 1970 മുതല്‍ ആറുകൊല്ലത്തോളം കാഞ്ഞങ്ങാട്ട് അനാദികച്ചവടക്കാരനായിരുന്നു. 1976 ല്‍ ഗള്‍ഫിലെത്തി റെഡിമെയ്ഡ് ബിസിനസ് തുടങ്ങി. പിന്നീട് ഇലക്‌ട്രോണിക്‌സ് ബിസിനസ്സിലേക്ക് തിരിഞ്ഞു. ഇതോടെ വലിയ ബിസിനസുകാരനായി മാറി. തന്റെ സമൃദ്ധി വളരുന്നതോടൊപ്പംതന്നെ പാവപ്പെട്ടവരെയും അര്‍ഹതപ്പെട്ടവരെയും സഹായിക്കാനുള്ള മനസ്സ് കാണിച്ചു. സാമൂഹ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ക്രമേണ ചുവടുറപ്പിച്ചു. മുസ്ലീംലീഗിലും സജീവമായി. ഇതോടെ മെട്രോമുഹമ്മദ്ഹാജി ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമായി മാറുകയായിരുന്നു. കേരളത്തിലെയും കേന്ദ്രത്തിലെയും രാഷ്ട്രീയനേതാക്കളുമായും മന്ത്രിമാരുമായും ജനപ്രതിനിധികളുമായും അടുത്തു. സ്വദേശത്തും വിദേശത്തും ആയിരക്കണക്കിന് ആളുകള്‍ക്കും നിരവധി സ്ഥാപനങ്ങള്‍ക്കും മെട്രോഹാജിയുടെ സഹായം ലഭിച്ചു. നൂറുകണക്കിന് സംഘടനകളെയും വ്യക്തികളെയും സാമ്പത്തീകമായി സഹായിച്ചു.
സാമൂഹ്യരംഗത്തും രാഷ്ട്രീയരംഗത്തും വിദ്യാഭ്യാസരംഗത്തും എം.ബി മൂസാഹാജിയോടൊപ്പം ഉയര്‍ന്നുവന്ന പേരാണ് വണ്‍ ഫോര്‍ടു മുഹമ്മദ്. ജാഡയില്ലാതെ ആരോടും ഇടപെടുന്ന പ്രകൃതം. സഹായം തേടി പോകുന്നവരെ തിരിച്ചയക്കാറില്ല. ചോദിക്കാതെ സ്വയം അറിഞ്ഞ് സഹായിക്കുന്ന പതിവും മെട്രോഹാജിക്കുണ്ടായിരുന്നു. ഇത്തരത്തില്‍ മെട്രോഹാജിയുടെ സഹായം പ്രത്യക്ഷമായും പരോക്ഷമായും സ്വീകരിച്ചവര്‍ നിരവധിയാണ്. ഒട്ടേറെ ആളുകള്‍ക്ക് വിദേശത്തും നാട്ടിലും തൊഴില്‍ നല്‍കി. ഗള്‍ഫ് നാടുകളിലെ ബിസിനസ് സ്ഥാപനങ്ങളില്‍ കാസര്‍കോട് ജില്ലയിലുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും ജോലികൊടുത്തു. പത്രങ്ങളോട് പൊതുവെ അടുപ്പം കാണിച്ചിരുന്നു. ചന്ദ്രിക, സുപ്രഭാതം തുടങ്ങിയ ദിനപത്രങ്ങളുടെ വളര്‍ച്ചക്കും നിലനില്‍പ്പിനും നിക്ഷേപമിറക്കി. കാഞ്ഞങ്ങാട്ടുനിന്നും സായാഹ്നപത്രവും തുടങ്ങി. കാഞ്ഞങ്ങാട്ടെ മോത്തി സില്‍ക്‌സിന്റെ മുഖ്യ പങ്കാളിയായിരുന്നു. കാഞ്ഞങ്ങാട്ട് ആദ്യമായാണ് വസ്ത്രാലയത്തിന്റെ ഉദ്ഘാടനത്തിന് ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തുന്നത്.
മെട്രോമുഹമ്മദ്ഹാജിയേക്കാള്‍ വലിയ കോടീശ്വരന്മാര്‍ കാഞ്ഞങ്ങാട്ടും പരിസരത്തും ഉണ്ടെങ്കിലും ധര്‍മ്മിഷ്ടനും ഉദാരമതിയുമായി മാറിയതോടെ മെട്രോമുഹമ്മദ്ഹാജി ജനഹൃദയങ്ങളില്‍ സ്ഥാനംപിടിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ രോഗം പിടിപ്പെട്ടതുമുതല്‍ മെട്രോഹാജിയുടെ ആയുരാരോഗ്യത്തിനും രോഗശമനത്തിനുമായി നാട്ടിലും വിദേശത്തും ജനലക്ഷങ്ങള്‍ പ്രാര്‍ത്ഥനയിലായിരുന്നു. മുനിയംകോട് മുഹമ്മദ് എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് കാഞ്ഞങ്ങാട് തുടങ്ങിയ കച്ചവടസ്ഥാപനത്തില്‍ ലഭിച്ച ഫോണ്‍നമ്പര്‍ ചേര്‍ത്ത് വണ്‍ഫോര്‍ടു (142) മുഹമ്മദ് എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഗള്‍ഫില്‍ തുടങ്ങിയ ഇലക്‌ട്രോണിക്‌സ് വ്യാപാര സ്ഥാപനത്തിന് മെട്രോ ഇലക്‌ട്രോണിക്‌സ് എന്ന് പേരിട്ടതോടെ വണ്‍ഫോര്‍ടു മുഹമ്മദിന്റെ പേര് മെട്രോമുഹമ്മദ്ഹാജി എന്നായി മാറുകയായിരുന്നു.
കണ്ണൂര്‍ ചാലയിലെ ആംസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലും കോഴിക്കോട് മുക്കത്തെ എം.വി.ആര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ചികിത്സ നടത്തിയശേഷമാണ് മെട്രോമുഹമ്മദ്ഹാജിയെ മൈത്ര ഹോസ്പിറ്റലിലേക്ക് മാറ്റിയത്. റംസാന്‍ വ്രതത്തിന്റെ പതിനേഴാം ദിവസം (മെയ് 12 ന്) ഛര്‍ദ്ദിയെ തുടര്‍ന്നാണ് മെട്രോമുഹമ്മദ്ഹാജിയെ കണ്ണൂരിലെ മിംസില്‍ പ്രവേശിപ്പിച്ചത്. മിംസിലെ ശസ്ത്രക്രിയക്ക്‌ശേഷം നടന്ന പരിശോധനയിലാണ് രോഗം ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് വിദഗ്ധചികിത്സയ്ക്ക് കോഴിക്കോട് മുക്കത്തേക്ക് മാറ്റുകയാണുണ്ടായത്.
ചിത്താരിയിലെ പരേതരായ വളപ്പില്‍ കുഞ്ഞാമു-മുനിയംകോട് സൈനബ് എന്നിവരുടെ രണ്ടാമത്തെ മകനാണ്. ചിത്താരിയിലെ മെട്രോപോള്‍ അബ്ദുള്‍ഖാദര്‍ ഹാജിയുടെ മകള്‍ സുഹ്‌റയാണ് ഭാര്യ.
മക്കള്‍: മുജീബ്, ജലീല്‍, ഷമീം, ഖലീല്‍, കബീര്‍, സുഹൈല, ജുസൈല. മരുമക്കള്‍: റൈഹാന (കല്ലിങ്കാല്‍), നിഷാന (തോയ്യമ്മല്‍), ഷമീന (ഹദ്ദാദ്), അസൂറ (പള്ളിപ്പുഴ), റൈഹാന(ഏരിയാല്‍), ഫസലു റഹ്മാന്‍ (തായല്‍).
സഹോദരങ്ങള്‍: അബ്ദുല്ല, ആയിശ.

Post a Comment

0 Comments