ഓലാട്ട് തമ്പാന്റെ മരണം സിപിഎമ്മില്‍ പുകയുന്നു; വിദ്യാര്‍ത്ഥിയുടെ മൊഴി നിര്‍ണ്ണായകം


കാലിക്കടവ്: ഓലാട്ട് പട്ടികജാതി കോളനിയിലെ എം. തമ്പാന്റെ (60) ദുരൂഹ മരണം പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ സി.പി.എം നേതൃത്വത്തിന് തലവേദനയായി. പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവാണ് മരണം വിവാദമാക്കിയിരിക്കുന്നത്. എതിര്‍പക്ഷത്തിന്റെ അപ്രതീക്ഷിത നീക്കം ആരോപണ വിധേയനായ അദ്ധ്യാപകനേതാവിനെ കൂടുതല്‍ കുരുക്കിലാക്കും. കോളനിവാസികള്‍ രൂപീകരിച്ച ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിന് അണിയറ നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഓലാട്ട് കോളനിയിലെ സി.പി.എം പ്രവര്‍ത്തകന്റെ മകനായ വിദ്യാര്‍ത്ഥി നല്‍കിയ മൊഴി മാഷിന് വിനയാകും. കൊടക്കാട് ഗവ. വെല്‍ഫെയര്‍ സ്‌കൂളിലെ അദ്ധ്യാപകനും സി.പി.എം പ്രവര്‍ത്തകനുമായ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം മരിച്ച തമ്പാനെ തടഞ്ഞു നിറുത്തി മര്‍ദ്ദിച്ചുവെന്നും തന്നെയും ആക്രമിച്ചു തള്ളിയിട്ടുവെന്നും വിദ്യാര്‍ത്ഥി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
വിവാദ സംഭവം നടക്കുമ്പേള്‍ ഈ വിദ്യാര്‍ത്ഥിയും സ്ഥലത്തുണ്ടായിരുന്നു. മെയ് 28 ന് വൈകുന്നേരം കൂക്കാനത്തെ കടയില്‍ നിന്നും ശര്‍ക്കര വാങ്ങി വീട്ടിലേക്ക് വരികയായിരുന്ന തമ്പാനെ മനോഹരന്റെ നേതൃത്വത്തില്‍ കൂക്കാനത്ത് വെച്ച് തടഞ്ഞു നിറുത്തി മര്‍ദ്ദിക്കുകയും അതിനെ തുടര്‍ന്ന് മൂന്നാം ദിവസം മരിക്കുകയും ചെയ്തുവെന്നാണ് ആരോപണം. തമ്പാന്റെ പക്കല്‍ നിന്ന് ശര്‍ക്കര പിടിച്ചെടുത്തു പോലീസില്‍ ഏല്‍പ്പിക്കാനൊരുങ്ങിയെങ്കിലും സ്ഥലം പയ്യന്നൂര്‍ പോലീസ് പരിധിയിലായതിനാലും ശര്‍ക്കര മാത്രം പിടിച്ചതിനാലും ചീമേനി പോലീസ് പോകാന്‍ വിസമ്മതിക്കുകയായിരുന്നു. കൂക്കാനത്തെ ഒരു കടയില്‍ നിന്നാണ് വ്യാജവാറ്റ് സംഘം പതിവായി ശര്‍ക്കര വാങ്ങിക്കുന്നതത്രെ. ലോക്ക്ഡൗണ്‍ കാലത്ത് ഇത് ഇരട്ടിച്ചു. ഒരു ദിവസം 150 കിലോ ശര്‍ക്കര വിറ്റഴിക്കുന്ന കടയുടമയെ പോലീസ് വിളിച്ചു താക്കീത് ചെയ്തിരുന്നു. അതേസമയം വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ചീമേനി പോലീസ് കേസെടുത്തിട്ടില്ല. സംഭവം നടന്നത് കണ്ണൂര്‍ ജില്ലയിലെ കൂക്കാനം പ്രദേശത്തായതിനാല്‍ ചീമേനി പോലീസ് കേസെടുത്ത് പയ്യന്നൂര്‍ പോലീസിന് കൈമാറുമെന്നാണ് കരുതുന്നത്. തമ്പാനെ മര്‍ദ്ദിച്ചത് സംബന്ധിച്ച് ആ ദിവസം പരാതി നല്‍കിയിരുന്നില്ല. മൂന്ന് ദിവസം കഴിഞ്ഞു മരിച്ചതിന് ശേഷമാണ് സംശയമുണ്ടെന്ന് ആരോപിച്ചു കോളനിവാസികള്‍ രംഗത്തുവന്നത്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ ആന്തരികാവയങ്ങള്‍ നശിച്ചതാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികള്‍ കൈകൊള്ളുമെന്നും ചീമേനി സി.ഐ. എ.അനില്‍ കുമാര്‍ പറഞ്ഞു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസും യുഡിഎഫും രംഗത്തുവന്നിട്ടുണ്ട്. അതേസമയം തമ്പാന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിനേയും സാംസ്‌കാരിക പ്രവര്‍ത്തകനായ അധ്യാപകനേയും ബന്ധപ്പെടുത്തി നടത്തുന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്ന് സിപിഎം കൊടക്കാട് ലോക്കല്‍കമ്മറ്റി പറഞ്ഞു. ഭൂരിപക്ഷം പട്ടികജാതി വിഭാഗങ്ങളില്‍ താമസിക്കുന്ന ഓലാട്ട് കോളനിയിലെ വ്യാജ വാറ്റിനെതിരെ നിരന്തരം ക്യാമ്പയിനുകള്‍ നടക്കുന്നതിനിടയിലാണ് യാദൃശ്ചിക സംഭവമുണ്ടായത്. മദ്യവര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനിടയില്‍ നീങ്ങുന്നത് തികച്ചും രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്നും സിപിഎം കൊടക്കാട് ലോക്കല്‍കമ്മറ്റി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Post a Comment

0 Comments