പൂടംകല്ലിനെ കോവിഡ് ആശുപത്രിയാക്കി; ദുരിതം പേറി പോലീസും ജനങ്ങളും


രാജപുരം: പൂടംകല്ലിലെ പനത്തടി താലൂക്ക് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റിയതോടെ ദുരിതത്തിലായത് മലയോരത്തെ നൂറുകണക്കിന് പാവപ്പെട്ട രോഗികളും പോലീസും.
കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചതോടെ പൂടംകല്ലിലെയും പാണത്തൂരിലെയും ആശുപത്രിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഇതോടെ മഴക്കാലം ആരംഭിച്ചതോടെ കോവിഡിന് പുറമെ ഡെങ്കിപനിയും മറ്റ് പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കാനുള്ള സാധ്യതയേറെയാണ്. ഇതിന് മുമ്പുതന്നെ മലയോരത്ത് നിരവധി സാംക്രമിക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചുകൊണ്ട് പൂടംകല്ലിനെ കോവിഡ് ആശുപത്രിയാക്കി മാറ്റിയിരിക്കുന്നത്. ഇതോടെ മലയോരത്തെ ജനങ്ങള്‍ക്ക് രോഗംബാധിച്ചാല്‍ കാഞ്ഞങ്ങാട് ഉള്‍പ്പെടെയുള്ള ആശുപത്രിയിലേക്ക് എത്തേണ്ട ഗതികേടാണ് ഉള്ളത്. ഗതാഗത സൗകര്യങ്ങള്‍ ഏറെകുറഞ്ഞ ഈ സമയത്ത് മലയോരത്തുനിന്നും രോഗികളെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് എത്തിക്കുന്നത് ഏറെ പ്രയാസമാണ്. ജനങ്ങളെ ദുരിതത്തിലാക്കിയ ഈ നിലപാടില്‍ പ്രതിഷേധിച്ച് നാളെ രാവിലെ 10 മണിമുതല്‍ പൂടംകല്ലില്‍ സത്യാഗ്രഹം നടത്താന്‍ പ്രസിഡണ്ട് ബാബു കദളിമറ്റത്തിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനിലൂടെ നടന്ന ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയോഗം തീരുമാനിച്ചു.
മലയോരത്തെ രോഗികള്‍ക്ക് പുറമെ പോലീസിനും പൂടംകല്ല് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കിയതിനാല്‍ ഏറെ ദുരിതം ഉണ്ടാക്കിയിട്ടുണ്ട്. ജില്ലയില്‍ വിവിധ കേസുകളില്‍പെട്ട് റിമാന്‍ഡ് ചെയ്യപ്പെടുന്ന പ്രതികളുടെ കോവിഡ് പരിശോധന നടത്തേണ്ടത് പൂടംകല്ലിലുള്ള പനത്തടി താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയിലാണ്.
കാസര്‍കോട്ടും ഹോസ്ദുര്‍ഗിലും ഉള്‍പ്പെടെ നിരവധി കോടതികളില്‍ നിന്നും റിമാന്റെ ചെയ്യപ്പെടുന്ന പ്രതികളെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലും, കാസര്‍കോട് സബ് ജയിലിലുമാണ് തടവില്‍ അടക്കേണ്ടത്. എന്നാല്‍ ഇവരെ ജയിലിലേക്ക് മാറ്റുംമുമ്പ് കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. ഇതിനായി കിലോമീറ്ററുകള്‍ താണ്ടി പ്രതികളുമായി പോലീസിന് എത്തേണ്ടത് മലയോരത്ത് ഏറ്റവും അറ്റത്ത് കിടക്കുന്ന പൂടംകല്ലിലെ പനത്തടി താലൂക്ക് ആശുപത്രിയിലാണ്. പ്രതികളെ ഇവിടേക്ക് കൊണ്ടുവരുന്നതും തിരിച്ചുകൊണ്ടുപോകുന്നതും ഏറെ സുരക്ഷാ പ്രശ്‌നങ്ങളാണ് പോലീസിന് ഉണ്ടാക്കുന്നത് എന്നുമാത്രമല്ല സര്‍ക്കാര്‍ ഖജനാവില്‍ വന്‍തുക നഷ്ടമാവുകയും ചെയ്യും. നഗരപ്രദേശങ്ങളിലും കോടതികളില്‍ നിന്നും ഏറെദുരെയല്ലാത്ത സ്ഥലങ്ങളിലും എല്ലാ സൗകര്യങ്ങളോടുകൂടിയ ആശുപത്രികളുണ്ടെങ്കിലും ഏറെ ദൂരത്തും എത്തിപ്പെടാന്‍ പ്രയാസമുള്ളതുമായ പൂടംകല്ല് ആശുപത്രിയെ പ്രതികളുടെ കോവിഡ് പരിശോധന കേന്ദ്രമാക്കി മാറ്റിയത് ഏറെ ദുരിതങ്ങളുണ്ടാക്കുന്നുണ്ട്.

Post a Comment

0 Comments