കാഞ്ഞങ്ങാട്: ബെവ്ക്യൂ ആപ്പിലൂടെ മദ്യവില്പ്പനയ്ക്കുള്ള സര്‍ക്കാരിന് വരുത്തിവെച്ചത് 30 കോടി എന്നാല്‍ സ്വകാര്യ ബാറുകള്‍ക്ക് ലോട്ടറിയും. 75ശതമാനം ടോക്കണും ബാറുകളിലേക്കു പോയപ്പോള്‍, മൂന്നാഴ്ചകൊണ്ടു സര്‍ക്കാരിനുണ്ടായ നഷ്ടം 30 കോടിയോളം രൂപ. ബിവറേജസ് ഔട്ട്ലെറ്റുകളിലെ ജീവനക്കാര്‍ ടോക്കണ്കാരെ കാത്തിരുന്ന് മടുത്തപ്പോള്‍ ബാറുകളില്‍ യാതൊരു ബുക്കിങ്ങുമില്ലാതെ മദ്യവില്‍പ്പന പൊടിപൊടിക്കുന്നു. പരിശോധനകള്‍ ഒഴിവാക്കി, ബാറുകളുടെ കള്ളക്കച്ചവടത്തിന് എക്സൈസ് കൂട്ടുനില്‍ക്കുന്നുവെന്നും ആരോപണമുണ്ട്.
അടച്ചുപൂട്ടലിനേത്തുടര്ന്ന് സംസ്ഥാനത്ത് നിര്‍ത്തിവച്ച മദ്യവില്‍പ്പന കഴിഞ്ഞ മേയ് 28നാണ് പുനരാരംഭിച്ചത്. അന്നുമുതല്‍ കഴിഞ്ഞ ആറുവരെ ബിവറേജസ് കോര്പറേഷന് വിറ്റത് 162.64 കോടിയുടെയും കണ്‍സ്യൂമര്‍ഫെഡ് വിറ്റത് 21.42 കോടിയുടെയും മദ്യമാണ്. സര്‍ക്കാര്‍ ഔട്ട്ലെറ്റുകള്‍ക്കും ബാര്‍/ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്കും മദ്യം നല്കുന്ന വെയര്‍ഹൗസുകള്‍ വഴി 310.44 കോടിയുടെ മദ്യം വിറ്റു. 267 ബെവ്കോ ഔട്ട്ലെറ്റുകളില് പ്രതിദിനം ശരാശരി 2233 കോടിയുടെ കച്ചവടമാണു മുമ്പു നടന്നിരുന്നത്. എന്നാല്‍, ആപ്പ് മുഖേന മദ്യവില്പ്പനയാരംഭിച്ച ആദ്യത്തെ എട്ടുദിവസങ്ങളില്‍ ശരാശരി വിറ്റുവരവ് 1820 കോടി രൂപയായി കുറഞ്ഞു.
ശരാശരി 12 ലക്ഷം രൂപയുടെ കച്ചവടം നടന്നിരുന്ന ബെവ്കോ ഔട്ട്ലെറ്റില് ഇപ്പോള്‍ നടക്കുന്നത് 6.5 ലക്ഷം രൂപയുടെ വില്‍പ്പന മാത്രം. ഇതുതന്നെ ആദ്യനാളുകളില്‍ മദ്യം ഒരുമിച്ചു വാങ്ങിയതിന്റെ ഫലമായിരുന്നു. നിലവില്‍ കച്ചവടം വീണ്ടും കുറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിന്റെ 36 ഔട്ട്ലെറ്റുകളില് പ്രതിദിന വില്‍പ്പന ശരാശരി ആറുകോടി രൂപയായിരുന്നത് 2.5 കോടിയായി കുറഞ്ഞു. 16 ലക്ഷം രൂപ ലഭിച്ചിരുന്ന ഒരു ഔട്ട്ലെറ്റില്നിന്ന് ഇപ്പോള്‍ 6.9 ലക്ഷം രൂപ മാത്രമാണു ലഭിക്കുന്നത്. ബിയര്‍ വില്‍പ്പന ഒരുലക്ഷത്തില്‍നിന്ന് 30,000 ആയി കുറഞ്ഞു. 36 മദ്യഷോപ്പുകളും മൂന്നു ബിയര്‍ പാര്ലറുമാണു കണ്‍സ്യൂമര്‍ ഫെഡിനുള്ളത്. 360 ബിയര്‍വൈന്‍ ഷോപ്പുകളില്‍ 291 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബിവറേജസിനും കണ്‍സ്യൂമര്‍ ഫെഡിനുമായി ആദ്യത്തെ ഒരാഴ്ച മാത്രമുണ്ടായ നഷ്ടം 10 കോടിയോളം രൂപ.
സംസ്ഥാനത്തെ 612 ബാര്‍ ഹോട്ടലുകളില്‍ 576 എണ്ണത്തിനാണു ബെവ്ക്യൂ മുഖേന മദ്യവിതരണാനുമതി ലഭിച്ചത്. ആപ്പിലൂടെ ഒരുലക്ഷം ടോക്കണ്‍ നല്കിയാല് 75,000 എണ്ണവും ബാറുകളിലേക്കാണു പോകുന്നത്. ബിവറേജസ് ഔട്ട്ലെറ്റിനെക്കാള്‍ അഞ്ചിരട്ടിപ്പേരാണു ബാറുകളില്‍നിന്നു മദ്യം വാങ്ങുന്നത്. സംസ്ഥാനത്തെ പല ബാറുകളിലും ടോക്കണ്‍ ഇല്ലാതെയും മദ്യം നല്‍കുന്നുണ്ട്. ഇവയ്ക്കു ബിവറേജസ് നിരക്കിനേക്കാള്‍ കൂടുതല്‍ വിലയും ഈടാക്കുന്നു. എന്നിട്ടും, ബാറുകളില്‍ യാതൊരു പരിശോധനയും എക്സൈസ് നടത്തുന്നില്ല.
0 Comments