രാജ്യത്ത് കോവിഡ് രോഗികള്‍ 3 ലക്ഷം; ലോകത്ത് മരണം നാലേകാല്‍ ലക്ഷം


ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,956 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 396 പേര്‍ കൂടി മരിച്ചു. രോഗബാധിതരുടെ എണ്ണം 2,97,535 ആയി. 1,41,842 പേര്‍ ചികിത്സയിലാണ്. 1,47,195 പേര്‍ രോഗമുക്തരായി. ആകെ മരണം 8,498 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍. ആകെ രോഗികളില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. 3607 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 152 പേര്‍ കൂടി മരിച്ചു. ഇതുവരെയുള്ള ഒരു ദിവസത്തെ ഉയര്‍ന്ന നിരക്കാണിത്. ആകെ രോഗികള്‍ 97,648ആയി. മരണസംഖ്യ 3,590 ഉം. ലോകത്ത് കോ വിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലേകാല്‍ലക്ഷവും രോഗബാധിതരുടെ എണ്ണം 75 ലക്ഷവുമായി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഇത് ഒരുകോടിയിലെത്തുമെന്നാണ് ലോകാരോഗ്യസംഘനയുടെ വിലയിരുത്തല്‍.
മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവും സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ധനഞ്ജയ് മുണ്ഡെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ അഞ്ച് ജീവനക്കാര്‍ക്കും രോഗംസ്ഥിരീകരിച്ചു. ഇവരുടെ നില ആശങ്കാജനകമല്ല. മുംബൈ പോലീസില്‍ 2028 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 22 പേര്‍ മരിച്ചു.
തമിഴ്‌നാട്ടില്‍ 36,841 രോഗികളും 326 മരണങ്ങളും ഉണ്ടായി. ഡല്‍ഹിയില്‍ ഇത് യഥാമ്രകം 32810ഉം 984ഉം ആണ്. ഗുജറാത്തില്‍ 21,521 രോഗികളും 1347 മരണങ്ങളുമുണ്ടായി. ഉത്തര്‍പ്രദേശില്‍ 11,610 രോഗികളും 321 മരണങ്ങളും. രാജസ്ഥാന്‍ 11,600 രോഗികളും 259 മരണങ്ങളും. മധ്യപ്രദേശില്‍ 10,049 രോഗികളും 427 മരണങ്ങളും തെലങ്കാനയില 126 മരണങ്ങളും ആന്ധ്രാപ്രദേശില്‍ 78 മരണങ്ങളും കര്‍ണാടകയില്‍ 69 ഉം പഞ്ചാബില്‍ 55 ഉം മരണങ്ങളും എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പശ്ചിമ ബംഗാളില്‍ 343 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ആകെ രോഗികള്‍ 9328 ആയി. 17 പേര്‍ കൂടി മരിച്ചു. ഇതില്‍ 10 പേര്‍ കൊല്‍ക്കൊത്തയിലാണ്. ഡല്‍ഹിയില്‍ മരണം ആയിരമായി.
മെയ് 24നാണ് ഇന്ത്യ കൊവിഡ് പട്ടികയില്‍ പത്താമത് എത്തിയത്. 18 ദിവസം കൊണ്ടാണ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
നിലവിലെ രീതിയിലെ രോഗബാധ ആരോഗ്യസംവിധാനത്തിന് വെല്ലുവിളിയാണെന്ന് ദില്ലി , മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കൊവിഡ് കേസുകള്‍ ഈ വിധം ഉയര്‍ന്നാല്‍ മെഡിക്കല്‍ സംവിധാനത്തിന് കൂടുതല്‍ വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പാണ് കേന്ദ്രം നല്‍കുന്നത്. ഓഗസ്റ്റിന് മുന്‍പേ വെന്റിലേറ്ററുകളും, തീവ്രപരിചരണ വിഭാഗവും നിറയുമെന്ന് കേന്ദ്രം ആശങ്കപ്പെടുന്നു.

Post a Comment

0 Comments