ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 19 പേരെ അറസ്റ്റുചെയ്തു; കരിന്തളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി


നീലേശ്വരം: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കാന്‍ ഇറങ്ങിയ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 19 പേരെ പോലീസ് അറസ്റ്റുചെയ്ത നടപടി കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കനത്തപൊട്ടിത്തെറിക്കിടയാക്കി.
കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ സിപിഎം മീര്‍കാനം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ മീര്‍കാനം തട്ടില്‍ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷിചെയ്യാനായി നിലമൊരുക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി കയനി മോഹനനും നേതാക്കളും ഉള്‍പ്പെടെ 19 പേരെ നീലേശ്വരം പോലീസ് അറസ്റ്റുചെയ്തത്. ഇതില്‍ സ്ത്രീകളുമുണ്ട്. ലോക്കല്‍ സെക്രട്ടറിക്ക് പുറമെ ഏരിയ കമ്മറ്റിയംഗം ടി.പി ശാന്ത, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ വി.വി.രാജന്‍, വരയില്‍ രാജന്‍, ഒ.എം. ബാലകൃഷ്ണന്‍, പി.വിനോദ് കുമാര്‍, ബ്രാഞ്ച് സെക്രട്ടറി എം.വി രതീഷ്, എ.രാഘവന്‍, കെ.കൃഷ്ണന്‍, മോളി, വത്സല തുടങ്ങിയ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. കൃഷിയിറക്കുകയായിരുന്ന പാര്‍ട്ടിപ്രവര്‍ത്തകരെ അകാരണമായി അറസ്റ്റുചെയ്യുകയും പാര്‍ട്ടിപതാകകള്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. എന്നാല്‍ പൊതുവഴി തടസ്സപ്പെടുത്തിയതിനാണ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തതെന്ന് നീലേശ്വരം പോലീസും വ്യക്തമാക്കി.
മീര്‍കാനംതട്ടിലെ ഒരു പന്നിഫാമിനെതിരെ സിപിഎം നേതൃത്വത്തിലുള്ള കര്‍മ്മസമിതി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായാണ് ഇന്നലെയുണ്ടായ അനിഷ്ടസംഭവമെന്നാണ് ഒരുവിഭാഗം പറയുന്നത്. പഞ്ചായത്തിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ നടത്തുന്ന പന്നിഫാമിലേക്കുള്ള വഴിയടച്ചുകൊണ്ടാണ് കൃഷിയിറക്കിയതെന്നാണ് ഒരുവിഭാഗം പറയുന്നത്. ഇത് പാര്‍ട്ടിക്കുള്ളിലും ചേരിതിരിവുണ്ടാക്കിയിട്ടുണ്ട്. പൊതുവഴി കൊത്തിക്കീറി കൃഷിയുണ്ടാക്കണമെന്ന് പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്നാണ് ഒരുപക്ഷം പറയുന്നത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. മീര്‍ കാനം തട്ടിലെ ലക്ഷമണന്റെ സ്ഥലം മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനാണ് നിലമൊരുക്കിയതെന്ന് സി. പി.എം പറയുന്നു. എന്നാല്‍ റോഡ് തടസപ്പെടുത്തി എന്ന പരാതിയില്‍ പരിസരത്തെ പന്നിഫാം ഉടമ ചോയ്യംകോടുള്ള ബിജുവിന്റെ പരാതിയിലാണ് നടപടിയെന്ന് നീലേശ്വരം പോലീസും പറയുന്നു. ബിജു നടത്തുന്ന പന്നിഫാമിനെതിരെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കര്‍മ്മസമിതി ഇവിടെ സമരത്തിലാണ്. പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്ന പന്നിഫാം അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭം നടത്തി വരികയാണ്. ഇതാണ് പരാതിക്ക് കാരണമെന്നാണ് പറയുന്നത്.
അതേസമയം സിപിഎം ഭരിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്യുകയും പതാക നശിപ്പിക്കുകയും ചെയ്തത് നേതൃത്വത്തിലെ ചിലരുടെ മനസ്സറിവോടെയാണെന്നും ആരോപണമുണ്ട്. ഏതായാലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റുചെയ്തത് നേതൃത്വത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Post a Comment

0 Comments