പോലീസില്‍ 1852 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കും


കാഞ്ഞങ്ങാട്: നാളെ ലിസ്റ്റിന്റെ കാലാവധി തീരാനാരിക്കെ പോലീസിലേക്ക് 1852 പേര്‍ക്കുള്ള നിയമന ശുപാര്‍ശ പി.എസ്.സി ഉടന്‍ അയക്കും. ട്രെയിനിംഗിനിടെ ജോലി ഉപേക്ഷിച്ചവരുടെയും ഡെപ്യൂട്ടേഷനും അടക്കം വിവിധ ബറ്റാലിയനുകളില്‍ 996 ഒഴിവ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോക്ഡൗണ്‍ ഘട്ടത്തില്‍ റെക്കോഡ് നിയമനമാണ് പി.എസ്.സി ശുപാര്‍ശ ചെയ്തത്.
സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി തീരാറായത് ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാക്കിയിരുന്നു. പരീക്ഷ നോട്ടിഫിക്കേഷന്‍ വന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിയമനം നടക്കുന്നതാണെങ്കിലും മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പുതിയ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം പാതിവഴിയിലായിരുന്നു. റാങ്ക് ലിസ്റ്റിലെ പകുതിയോളം പേര്‍ പ്രായ പരിധി പിന്നിട്ടവരുമാണ്.
2017 ല്‍ വന്ന നോട്ടിഫിക്കേഷനില്‍ നിന്നും എഴുത്തുപരീക്ഷയും ശാരീരികക്ഷമതാ പരീക്ഷയും കഴിഞ്ഞ് നിയമനം ആരംഭിച്ചത് ഈ വര്‍ഷം ഫെബ്രുവരിയിലാണ്.
കേരളത്തില്‍ മൊത്തം ഏഴ് ബറ്റാലിയനുകളില്‍ നടന്ന പരീക്ഷയുടെ ഫലം വന്ന് 2019 ജൂലായ് ഒന്നിനാണ് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്. ഒരു വര്‍ഷം മാത്രം കാലാവധിയുള്ള ലിസ്റ്റിന് തിരിച്ചടിയായത് യൂണിവേഴ്‌സിറ്റി കോപ്പിയടി പ്രശ്‌നമായിരുന്നു. അഞ്ചു മാസത്തോളം എല്ലാ ബറ്റാലിയനുകളുടെയും ലിസ്റ്റുകള്‍ മരവിപ്പിക്കുകയായിരുന്നു.

Post a Comment

0 Comments