അച്ഛനും അമ്മയും വേര്‍പിരിയുന്നതില്‍ മനംനൊന്ത് 15 കാരി ജീവനൊടുക്കി


ഉദുമ: അച്ഛനും അമ്മയും വിവാഹബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചതില്‍ മനംനൊന്ത് പത്താംതരം വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് കെട്ടിതൂങ്ങിമരിച്ചു.
മാങ്ങാട് ആര്യടുക്കം കോളനിയിലെ രാജു- അനിത ദമ്പതികളുടെ മകള്‍ ഗ്രീഷ്മയാണ് (15) ഇന്നലെ വീടിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചത്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയായിരുന്നു ഗ്രീഷ്മ. ഗ്രീഷ്മയുടെ അച്ഛനും അമ്മയും നാളുകളായി പിണക്കത്തിലാണ്. ഇതേ തുടര്‍ന്ന് അച്ഛന്‍ വേറെയാണ് താമസം. ഗ്രീഷ്മയും സഹോദരങ്ങളും അമ്മക്കൊപ്പവും. അകന്നുകഴിയുന്നതിനിടയില്‍ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ പോകുന്നുവെന്ന വിവരമറിഞ്ഞതുമുതല്‍ ഗ്രീഷ്മ അസ്വസ്ഥയായിരുന്നുവത്രെ. ഇതാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഗ്രീഷ്മയെ വീട്ടിനകത്തെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മേല്‍പ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഫോറന്‍സിക് വിദഗ്ധര്‍ മരണം നടന്ന വീട്ടിലെത്തി പരിശോധന നടത്തുകയും പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മുറി അടച്ച് മുദ്രവെക്കുകയും ചെയ്തു. ഗ്രീഷ്മയുടെ അമ്മാവന്റെ പരാതിയില്‍ മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു. സഹോദരങ്ങള്‍: രഞ്ജിത്, രാഹുല്‍.

Post a Comment

0 Comments