കാഞ്ഞങ്ങാട്: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജില്ലയിലെ 108 ആംബുലന്‍സ് ഡ്രൈവര്‍മാരും ജീവനക്കാരും അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ജില്ലയില്‍ 14 ആംബുലന്‍സുകളിലായി 55 ജീവനക്കാരാണുള്ളത്.
ശമ്പളം നല്‍കാമെന്ന അധികൃതരുടെ ഉറപ്പും പാലിക്കാത്തതിനെതുടര്‍ന്നാണ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ നിര്‍ബന്ധിതരായത്. മെയ് മാസത്തെ ശമ്പളം ഇതുവരെയും ലഭിച്ചിട്ടില്ല. ഏപ്രില്‍മാസത്തെ ശമ്പളമാകട്ടെ മെയ് 20 നുമാണ് നല്‍കിയത്. സംസ്ഥാനത്തെ 108 ആംബുലന്‍സുകളുടെ നടത്തിപ്പ് ചുമതലയുള്ള ആന്ധ്രയിലെ ജി.വി.കെ.ഇ.എം. ആര്.ഐ. കമ്പനി അധികൃതര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്കുന്ന കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. സംസ്ഥാനത്തെ മൊത്തം 108 ആംബുലന്‍സ് ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കാനുണ്ടെങ്കിലും കാസര്‍കോട് ജില്ലയില്‍ മാത്രമാണ് സമരം ആരംഭിച്ചത്. കാസര്‍കോടിന്റെ ചുവടുപിടിച്ച് മറ്റ് ജില്ലകളിലും ആംബുലന്‍സ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് നീക്കം. 108 ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കിയതോടെ പാവപ്പെട്ട രോഗികളും അത്യാഹിതത്തില്‍പ്പെടുന്ന രോഗികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. രോഗികളെ ആശുപത്രിയിലെത്തിക്കാനും അപകടത്തില്‍പ്പെടുന്നവര്‍ക്ക് സഹായവുമായിട്ടാണ് 108 ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചത്. ഈ സര്‍വ്വീസ് മുടങ്ങിയതോടെ ഇത്തരം രോഗികളുടെ നില ആശങ്കയിലാവും.
ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍, ലേബര്‍ ഓഫീസര്‍, ഡി.എം.ഒ, ജി.വി. കെ. പ്രോഗ്രാം മാനേജര്‍ എന്നിവര്‍ക്ക് 108 ആംബുലന്‍സ് യൂണിയന് സി.ഐ. ടി.യു. ജില്ലാ കമ്മറ്റി നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ജൂണ്‍ പതിനഞ്ചിനകം ശമ്പളം നല്‍കാമെന്ന് ജീവനക്കാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ആ ദിവസം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും ലേബര്‍ ഓഫീസറെ കണ്ട നേതാക്കള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ലേബര്‍ ഓഫീസര്‍ വീണ്ടും ജി.വി.കെ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ 17 ന് ശമ്പളം നല്‍കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അതും പാലിക്കാത്തതിനെതുടര്‍ന്നാണ് ഇന്നു മുതല്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.
0 Comments