കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്കിയ കാസര്‍കോട് -തിരുവനന്തപുരം അതിവേഗ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ 20,000 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്ന് വിദഗ്ധര്‍.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 532 കി.മീ ദൈര്‍ഘ്യം വരുന്ന പദ്ധതിക്കായി 6,395 വീടുകള്‍ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുളള കേരള റെയില്‍വേ ഡവല്പമെന്റ് കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടിലുള്ളത്.
എന്നാല്‍ പദ്ധതി പ്രാവര്‍ത്തികമാകണമെങ്കില്‍ 20,000 കുടുംബങ്ങളെയെങ്കിലും മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്ന് ഡി.എം.ആര്.സി. മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന് അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. 67,045 കോടി രൂപ നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന പാതയിലൂടെ മണിക്കൂറില്‍ 200 കി.മീ. വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയുമെന്നാണ് കോര്പ്പറേഷന് പറയുന്നത്. പദ്ധതിച്ചെലവിന്റെ 10 ശതമാനം വീതം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും ബാക്കി തുക ജപ്പാനിലെ ജിക്ക പോലുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുക്കാമെന്നുമാണ് നിര്‍ദ്ദേശം.
മുഖ്യമന്ത്രി പിണറായി വിജയന് ജപ്പാന് സന്ദര്‍ശിച്ചപ്പോള്‍ ജിക്ക വായ്പയെപ്പറ്റി ചര്‍ച്ച ചെയ്തിരുന്നു. നിര്‍മ്മാണത്തിനാവശ്യമായ റോളിങ് സ്റ്റോക്ക് ഉള്‍പ്പെടെ മിക്ക ഉപകരണങ്ങളും ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടിവരും.
പദ്ധതിയുടെ സര്‍വ്വേയും അനുബന്ധ ജോലികളും പൂര്‍ത്തീകരിച്ചു. സര്‍വേ നടത്തിയ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിനുളള കല്ലുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് ടെന്‍ഡറും ക്ഷണിച്ചു. പാതയ്ക്കായി 10,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 132 കി.മീ. കടന്നുപോകുന്നത് നെല്‍വയലുകളിലൂടെയും നീര്‍ത്തടങ്ങളിലൂടെയുമാണ്. ഈ ദൂരമത്രയും കല്ലും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് നികത്തിയെടുക്കണം.
യാത്രക്കാരുടെ ടിക്കറ്റ് വരുമാനം അനുസരിച്ച് പദ്ധതി ലാഭകരമല്ലാത്തതിനാല്‍ ചരക്കുനീക്കത്തിനും ഈ പാത ഉപയോഗിക്കാനാണ് കോര്‍പ്പറേഷന്റെ പദ്ധതി. 200 കി.മീ. വേഗമാര്‍ജിക്കാവുന്ന പാളത്തിന്റെ ആക്സില്‍ ലോഡ് 17 ടണ്‍ മതി. ഇതനസരിച്ചുള്ള ചെലവാണ് കോര്പ്പറേഷന് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഈ പാതയിലൂടെ 75 കി.മീ. വേഗത്തില്‍ ചരക്കു ട്രെയിന്‍ ഓടിക്കണമെങ്കില്‍ പാളത്തിന്റ ആക്സില്‍ ലോഡ് 25 ടണ്‍ എങ്കിലും വേണം. അപ്പോള്‍ പദ്ധതിച്ചെലവ് അമ്പത് ശതമാനത്തോളം ഉയരും.
പാളത്തിന്റെ ഇരുവശത്തും ഉയരത്തില്‍ അതിര്‍ത്തി മതിലുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. വ്യക്തികള്‍ക്ക് ട്രാക്ക് മുറിച്ചുകടക്കാനായി ഓരോ 500 മീറ്ററിലും ഓവര്‍ബ്രിഡ്ജുകളോ അണ്ടര്‍പാസുകളോ നിര്‍മ്മിക്കണം. പദ്ധതി ലാഭകരമാക്കുന്നതിന് സ്മാര്‍ട് സിറ്റികള്‍ സ്ഥാപിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. സ്മാര്‍ട്ട് സിറ്റികളുടെയും മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെയും നിര്‍മ്മാണത്തിനായി 10 നിര്‍ദ്ദിഷ്ട സ്റ്റേഷനുകള്‍ക്ക് സമീപം 2,500 ഏക്കര്‍ സ്ഥലം വികസിപ്പിക്കുന്നതിനു ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഈ 2,500 ഏക്കറില്‍ ഫാക്ടിന്റെ ഉടമസ്ഥതയിലുള്ള 300 ഏക്കറും എച്ച്.എം.ടിയുടെ ഉടമസ്ഥതയിലുള്ള 200 ഏക്കറും ഉള്‍പ്പെടും.
0 Comments