കൊല്ലം: കരിമൂര്‍ഖനെ കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവം ജനങ്ങളെ ഞെടിച്ചു.
കൊല്ലം അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) എന്ന യുവതിയെയാണ് ഭര്‍ത്താവ് സൂരജ് കരിമൂര്‍ഖനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. യുവതിയുടെ മാതാപിതാക്കള്‍ കൊല്ലം ജീല്ലാ പോലീസ് സൂപ്രണ്ടിന് നല്കിയ പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷത്തിനൊടുവിലാണ് പോലീസ് സൂരജിനെയും പാമ്പുപിടുത്തക്കാരന് സുരേഷിനെയും അറസ്റ്റുചെയ്തത്.
ആദ്യം അണലിയെകൊണ്ട് കടിപ്പിച്ചെങ്കിലും ഭാര്യ ഉത്ര ചികിത്സയിലൂടെ രക്ഷപ്പെട്ടു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന്റെ രണ്ടാംദിവസമാണ് കിടപ്പുമുറിയില്‍ മൂര്‍ഖനെ ഒളിപ്പിച്ചുവെച്ച് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന ഭാര്യ ഉത്രയുടെ ദേഹത്തേക്ക് മൂര്‍ഖനെ എറിഞ്ഞ് കടിപ്പിച്ചത്. പാമ്പു കടിയേറ്റ് ഉത്ര മരിച്ചെന്ന് ഉറപ്പാക്കുക മാത്രമല്ല, തന്നെ പാമ്പു കടിക്കാതിരിക്കാന്‍ രാവിലെ വരെ മുറിയില്‍ ഉറങ്ങാതെയിരുന്നതായും സൂരജ് പോലീസിനു മൊഴി നല്കി. ഇയാള്‍ക്കു രണ്ടുതവണ പാമ്പിനെ നല്‍കിയത് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി പാമ്പുപിടുത്തക്കാരന് സുരേഷാണ്. അഞ്ചു മാസത്തെ ആസൂത്രണത്തിനൊടുവിലായിരുന്നു കൊലപാതകം.
ഉത്രയെ ജീവിതത്തില്‍നിന്നൊഴിവാക്കി മറ്റൊരു ജീവിതം സൂരജ് ലക്ഷ്യമിട്ടിരുന്നതായാണു വിവരം. ഇതിനുവേണ്ടി ഫെബ്രുവരി 26 നാണ് ആദ്യമായി സുരേഷില്‍നിന്നു പാമ്പിനെ വാങ്ങുന്നത്. അണലിയെ വാങ്ങി അടൂരിലെ വീട്ടില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച് മാര്‍ച്ച് രണ്ടിനായിരുന്നു ആദ്യ കൊലപാതക ശ്രമം. രാത്രിയിലാണു വീടിനു പുറത്തുവച്ച് ഉത്രയ്ക്ക് കടിയേറ്റത്. അന്ന് ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വൈകിപ്പിച്ചും മരണം ഉറപ്പാക്കാന്‍ സൂരജ് ശ്രമിച്ചു. എന്നാല്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സയില്‍ ഉത്ര അത്ഭുതകരമായി രക്ഷപ്പെട്ടു.
പിന്നീട് ഏപ്രില്‍ 24 നാണ് വീണ്ടും കരിമൂര്‍ഖനെ വാങ്ങിയത്. രണ്ടു തവണയായി 5000 രൂപ വീതം സുരേഷിനു നല്കി. അടൂരിലെ വീട്ടില്‍ സൂക്ഷിച്ച മൂര്‍ഖനുമായി മെയ് ആറിന് വൈകിട്ട് സൂരജ് അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തി. വലിയ ബാഗില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ചായിരുന്നു പാമ്പിനെ എത്തിച്ചത്. മെയ് 6 ന് അര്‍ധരാത്രി പന്ത്രണ്ടോടെയാണ് ഇരുവരും ഉറങ്ങാന്‍ കിടന്നത്. ഇടയ്ക്ക് ഒരു മണിയോടെ ഉത്ര ഗുളിക കഴിക്കാനായി ഉണര്‍ന്നിരുന്നു. പിന്നീട് ഉറക്കത്തിലാഴ്ന്നപ്പോഴായിരുന്നു പുലര്‍ച്ചെ രണ്ടരയോടെ പാമ്പിനെ പുറത്തെടുത്തത്. പാമ്പിനെ കൈകാര്യം ചെയ്തു പരിചയമുള്ള സൂരജ് ഇതിനെ ഉത്രയുടെ കാലിനു സമീപത്തേക്കു വലിച്ചെറിഞ്ഞു. കടിച്ചെന്ന് ഉറപ്പാക്കിയ ശേഷം പാമ്പിനെ ആട്ടിയകറ്റി.
മുറിയിലെത്തന്നെ വസ്ത്രങ്ങള്‍വച്ച അലമാരയുടെ ഭാഗത്തേക്കു പോയ പാമ്പ് തിരികെ വരുന്നുണ്ടോയെന്നറിയാന്‍ സൂരജ് ഉറക്കമിളച്ചു കാത്തിരുന്നു. പിന്നീട് ആറു മണിയോടെ പുറത്തിറങ്ങി. ഉത്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പാമ്പിനെ കണ്ടെത്തി തല്ലിക്കൊല്ലുകയും ചെയ്തു. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിനിടെ കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങളും സൂരജിന്റെ ഭാഗത്തുനിന്നുണ്ടായി. ഉത്രയുടെ ഒരു ബന്ധുവിനും സംഭവത്തില്‍ പങ്കുണ്ടെന്നായിരുന്നു മൊഴി. എന്നാല്‍ ചോദ്യം ചെയ്യലില്‍ അതിനെ സാധൂകരിക്കുന്ന തെളിവൊന്നും ലഭിച്ചില്ല. കൂടുതല്‍ തെളിവെടുപ്പിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ.
0 Comments