തേജസ്വിനി ആശുപത്രിയിലെ കയ്യേറ്റം: ജീവനക്കാരനെ തിരിച്ചെടുത്തു; സിപിഎമ്മില്‍ പൊട്ടിത്തെറി


നീലേശ്വരം: തേജസ്വിനി സഹകരണ ആശുപത്രിയില്‍ സിപിഎം ജില്ലാ കമ്മറ്റി അംഗവും മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ സി.പ്രഭാകരനെ കയ്യേറ്റം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ മൂന്നാംദിവസം തിരിച്ചെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാമാതാവിന് വസ്ത്രവും ഭക്ഷണവും നല്‍കാനെത്തിയ സി.പ്രഭാകരന്‍ ആശുപത്രിയില്‍ കയ്യേറ്റത്തിനിരയായത്. സംഭവം അപ്പോള്‍ തന്നെ ആശുപത്രി ചെയര്‍മാന്‍ എം.രാജഗോപാലന്‍ എം.എല്‍.എയേയും സിപിഎം സംസ്ഥാന കമ്മറ്റി അംഗം കെ.പി സതീഷ്ചന്ദ്രനെയും പ്രഭാകരന്‍ ടെലിഫോണില്‍ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ ജില്ലാ കമ്മറ്റി അംഗമായ പഞ്ചായത്ത് പ്രസിഡണ്ടിനെ കയ്യേറ്റം ചെയ്യുകയും അവഹേളിക്കുകയും ചെയ്ത സംഭവം പാര്‍ട്ടിക്കുള്ളില്‍ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.
ഇതേ തുടര്‍ന്ന് മടിക്കൈയിലെ പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗങ്ങള്‍ പ്രത്യേകയോഗം ചേര്‍ന്ന് സംഭവത്തില്‍ കടുത്ത പ്രതിഷേധം അറിയിക്കുകയും സി.പ്രഭാകരനെ കയ്യേറ്റം ചെയ്ത ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെ കേന്ദ്രകമ്മറ്റിയംഗം പി.കരുണാകരന്‍, സംസ്ഥാന കമ്മറ്റി അംഗം കെ.പി സതീഷ്ചന്ദ്രന്‍ എന്നിവര്‍ സി.പ്രഭാകരനുമായും മടിക്കൈയിലെ പാര്‍ട്ടിനേതാക്കളുമായും ഉറപ്പുനല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പിറ്റേദിവസം മുതല്‍ സെക്യൂരിറ്റി ജീവനക്കാരനോട് ജോലിക്ക് വരേണ്ടെന്ന് ആശുപത്രി മാനേജ്‌മെന്റ് നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരനെതിരെ നടപടി എടുക്കാനുള്ള പാര്‍ട്ടിനീക്കത്തിനെതിരെ പള്ളിക്കര ലോക്കല്‍ കമ്മറ്റി രംഗത്തിറങ്ങി. തുടര്‍ന്ന് ജില്ലാ നേതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ സി.പ്രഭാകരനെ കുറ്റക്കാരനാക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ നിരപരാധിയായി പ്രഖ്യാപിക്കുകയുമായിരുന്നു. സി.പ്രഭാകരനാണ് ജീവനക്കാരനോട് മോശമായി പെരുമാറിയതെന്ന് കണ്ടെത്തി ജില്ലാ കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് സെക്യൂരിറ്റി ജീവനക്കാരന്‍ നിരപരാധിയാണെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രഭാകരന്റെ പരാതി ചര്‍ച്ചചെയ്യാന്‍ പോലും ജില്ലാ നേതൃത്വം തയ്യാറായില്ല. സംഭവം നടന്നതിന് പിറ്റേദിവസം തന്നെ ഗള്‍ഫിലെ മടിക്കൈയിലെ സിപിഎം പ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പായ 'മടിക്കൈ സഖാക്കള്‍ പ്രവാസി കൂട്ടായ്മ'യില്‍ പാര്‍ട്ടിയുടെ ഉന്നതരുമായി അടുത്തബന്ധമുള്ള സെക്യൂരിറ്റി ജീവനക്കാരനെതിരെ നടപടി ഉണ്ടാകില്ലെന്നും പകരം പരാതിക്കാരനായ സി.പ്രഭാകരനായിരിക്കും കുറ്റക്കാരനാവുക എന്നും ഒരു പ്രവാസി സഖാവ് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്നാണ് മടിക്കൈയിലെ പാര്‍ട്ടി അണികള്‍ പറയുന്നത്.
അതേസമയം ജില്ലയിലെ മുതിര്‍ന്ന നേതാവിനെ ആശുപത്രി ജീവനക്കാരന്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പാര്‍ട്ടി എടുത്ത നിലപാടിനെതിരെ ശക്തമായി രംഗത്തുവരാനാണ് മടിക്കൈയിലെ നേതാക്കളുടെ തീരുമാനം. വെള്ളിയാഴ്ച നടക്കുന്ന പാര്‍ട്ടി ഏരിയാകമ്മറ്റി യോഗത്തില്‍ ഇക്കാര്യം ചൂടുള്ള വിഷയമായേക്കും. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രകമ്മറ്റിയംഗവും സംസ്ഥാനകമ്മറ്റിഅംഗവും നേരിട്ട് നല്‍കിയ ഉറപ്പുപാലിക്കണമെന്നും ഇവര്‍ യോഗത്തില്‍ ആവശ്യപ്പെടും. ഈ സംഭവത്തില്‍ മടിക്കൈയിലെ സിപിഎമ്മും നീലേശ്വരം മുനിസിപ്പാലിറ്റിയിലെ സിപിഎമ്മും തമ്മിലുള്ള ബലപരീക്ഷണം വരുംദിവസങ്ങളില്‍ തെരുവിലെ വിഴുപ്പലക്കലായി മാറും.

Post a Comment

0 Comments