അഞ്ചാംഘട്ട ലോക്ഡൗണില്‍ കേന്ദ്രം വീണ്ടും പാക്കേജ് പ്രഖ്യാപിച്ചേക്കും


ന്യൂഡല്‍ഹി: നാല് ഘട്ടമായി നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിച്ച ശേഷം നികുതി പരവും, ധനപരവും, നയപരവുമായ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാമത് ഉത്തേജന പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചേക്കും.
സര്‍ക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങളാണ് ഈ സൂചന നല്‍കിയത്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന് ആദ്യം പേരിട്ട 20.97 ലക്ഷം കോടിയുടെ ഒന്നാംഘട്ട ഉത്തേജന പാക്കേജിനു ശേഷമാകും ഈ പാക്കേജിലെ നടപടികള്‍ ഉണ്ടാകുക.
ശരിയായ വിതരണ പരിപോഷണം വഴി സമ്പദ്ഘടനയില്‍ അതിവേഗം വളര്‍ച്ചയുടെ പാതയിലെത്തിക്കാനുള്ള എല്ലാ വഴികളും കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മാര്‍ച്ച് 26 ന് പ്രഖ്യാപിച്ച ആദ്യഘട്ട ഉത്തേജന പാക്കേജില്‍ നിന്നും വിട്ടുപോയവക്ക് കൂടുതല്‍ പ്രാമുഖ്യമാകും രണ്ടാംഘട്ട പാക്കേജിലുണ്ടാകുക.
രണ്ട് മാസമായി പ്രഖ്യാപിച്ചിരുന്ന ധനപരവും നയപരവുമായ പരിഷ്ടാകരങ്ങള്‍ തളര്‍ച്ചയിലായ ജനങ്ങളില്‍ വേണ്ടവിധം എത്താത്തതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ മാര്‍ച്ച് ഒന്നിനും മെയ് 15നുമിടയില്‍ 6.45 ലക്ഷം കോടി രൂപയാണ് വായ്പയായി നല്‍കിയെന്നാണ് ധനമന്ത്രാലയം പറയുന്നത്. എന്നാല്‍ ശരിയായ കണക്ക് വളരെ കുറവാണെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണിന് ശേഷം ലോണ്‍ വിതരണം ആരംഭിക്കും. നാലാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കുക നാളെയാണ്.
'വ്യവസായങ്ങള്‍ക്ക് ആവശ്യം പണമാണ്. ബാങ്കുകള്‍ പണം അനുവദിച്ച് ആ വായ്പ നല്‍കും എന്നത് നല്ല കാര്യമാണ്.' അസോചം പ്രസിഡന്റ് നിരഞ്ജന്‍ ഹിരനന്ദാനി പറയുന്നു. പണം കടംവാങ്ങുന്നവര്‍ ഉടന്‍ അതുപയോഗിച്ച് ലാഭം ഉണ്ടാകും എന്ന് കരുതുന്നില്ല. കാരണം വിപണിയില്‍ അതിനുപാകത്തിനുള്ള ആവശ്യം ഉണ്ടാകുന്നില്ല എന്നത് തന്നെ കാരണം.
വിപണിയുടെ ലോക്ഡൗണ്‍ കാലാനന്തര ഉണര്‍വ്വിന് വേണ്ട ബലം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് സര്‍ക്കാരിന്റെ ഈ പാക്കേജുകള്‍ എന്ന് സാമ്പത്തിക വിദഗ്ധന്‍ ഡി.കെ. ശ്രീവാസ്തവ പറയുന്നു. ജിഎസ്ടി വരുമാനം കുത്തനെ കുറഞ്ഞത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 97597 കോടിയായിരുന്നു മാര്‍ച്ച് മാസത്തില്‍ കേന്ദ്രത്തിന് ലഭിച്ച ജിഎസ്ടി വരുമാനം. അതിന് മുമ്പുള്ള നാല് മാസങ്ങളില്‍ ഇത് ഒരു ലക്ഷംകോടിക്ക് മുകളിലുമായിരുന്നു. ഏപ്രില്‍ മാസത്തില്‍ വരുമാനം മൂന്നിലൊന്നായി ചുരുങ്ങിയിട്ടുണ്ടാകാനാണ് സാധ്യത.
നികുതി വരുമാനം കുത്തനെ കുറഞ്ഞതിനാല്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം ചര്‍ച്ച ചെയ്യാനും വിപണിയെ ഉണര്‍ത്തുന്ന നടപടികള്‍ ആലോചിക്കാനും ജിഎസ്ടി കൗണ്‍സില്‍ ജൂണ്‍ ആദ്യവാരം ചേരുന്നുണ്ട്. വിപണിയുടെ ലോക്ഡൗണ്‍ കാലത്തെ തളര്‍ച്ച മാറ്റാന്‍ തുടര്‍ച്ചയായ ഉത്തേജന പാക്കേജുകള്‍ ആവശ്യമാണെന്ന് സര്‍ക്കാരുമായ ബന്ധമുള്ള വൃത്തങ്ങള്‍ അറിയിച്ചു. മേയ് 17ഓടെ ഒന്നാംഘട്ട പാക്കേജ് പൂര്‍ത്തിയായി. കൂടുതല്‍ ഉത്തേജന നടപടികള്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കാവുന്നത്.

Post a Comment

0 Comments