കൊറോണാപ്രതിരോധം പേരിന് മാത്രം: യുവതിയും കുഞ്ഞും വിമാനത്താവളത്തില്‍ ഒറ്റപ്പെട്ടു


നീലേശ്വരം: കര്‍ശനസുരക്ഷാ ക്രമീകരണങ്ങളോടെ ഗള്‍ഫില്‍നിന്നുമെത്തിയ യുവതിക്കും പിഞ്ചുകുഞ്ഞിനും കണ്ണൂര്‍ വിമാനത്താവളത്തില്‍ നേരിട്ടത് ക്രൂരമായ പീഡനം.
ആരോഗ്യപ്രവര്‍ത്തകരോ സര്‍ക്കാര്‍ പ്രതിനിധികളോ തിരിഞ്ഞുനോക്കാന്‍പോലും തയ്യാറാവാതെ ഒടുവില്‍ യുവതിക്കും കുഞ്ഞിനും സ്വന്തമായി ടാക്‌സി വിളിച്ച് വീട്ടിലേക്കെത്തേണ്ടിവന്നു.
നീലേശ്വരം താലൂക്ക് ആശുപത്രിക്ക് സമീപം വാണിയം വയലിലെ പ്രവാസി ദിലീപിന്റെ ഭാര്യ രമ്യക്കും രണ്ടുമാസം പ്രായമായ കുഞ്ഞിനുമാണ് കോവിഡ് പ്രതിരോധങ്ങള്‍ക്കിടയിലും വിമാനത്താവളത്തില്‍ കടുത്ത അവഗണനയും പീഡനവും നേരിടേണ്ടിവന്നത്. ഷാര്‍ജയില്‍ നിന്നും ഇന്നലെ വൈകീട്ട് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രമ്യയും കുഞ്ഞും വിമാനത്താവളത്തിലെ നടപടി ക്രമങ്ങള്‍ക്കുശേഷം 4 മണിമുതല്‍ 8 മണിവരെ നാട്ടിലേക്ക് പോകാന്‍ കഴിയാതെ വിമാനത്താവളത്തില്‍തന്നെ കഴിയേണ്ടിവന്നു. ഇവര്‍ക്ക് ഭക്ഷണം പോലും ലഭിച്ചതുമില്ല. കുഞ്ഞും താനും തനിച്ചാണെന്ന് പറഞ്ഞിട്ടുപോലും ഇവരെ സഹായിക്കാന്‍ ആരും തന്നെ വിമാനത്താവളത്തിലുണ്ടായിരുന്നില്ല. സഹായം ചോദിച്ച് ചെന്നവരൊക്കെ ഇവരോട് വളരെ മോശമായ രീതിയിലാണ് പെരുമാറിയതെന്ന് ആക്ഷേപമുണ്ട്. ഒടുവില്‍ സ്വന്തമായി ടാക്‌സി വാടകക്കെടുത്താണ് രമ്യ നാട്ടിലേക്കെത്തിയത്. നാട്ടിലെത്തിയാല്‍ ക്വാറന്റൈനില്‍പോകാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് നേരത്തെ നിര്‍ദ്ദേശം ലഭിച്ചിരുന്നെങ്കിലും രാത്രി 11 മണിക്ക് നാട്ടിലെത്തിയ രമ്യയെ ഇന്ന് ഉച്ചവരെയും ആരോഗ്യപ്രവര്‍ത്തകരോ സര്‍ക്കാര്‍ പ്രതിനിധികളോ നഗരസഭാ അധികൃതരോ തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. ക്വാറന്റൈന്‍ സൗകര്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മുറികളൊന്നും ഒഴിഞ്ഞുകിടപ്പില്ലെന്നും സൗകര്യമുള്ളിടത്ത് താമസിക്കാമെന്നാണ് മറുപടി ലഭിച്ചത്. ഒടുവില്‍ വീട്ടുകാരെ മറ്റൊരുവീട്ടിലേക്ക് മാറ്റിയശേഷം സ്വന്തം വീട്ടില്‍ കുഞ്ഞുമായി ക്വാറന്റൈനില്‍ കഴിയുകയാണ് രമ്യ. വിമാനത്താവളത്തിലും പിന്നീട് നാട്ടിലും തനിക്കുണ്ടായ ദുരവസ്ഥ അറിയിക്കാന്‍ കാസര്‍കോട് കളക്‌ട്രേറ്റുമായി ബന്ധപ്പെട്ടപ്പോഴും വ്യക്തമായ ഉത്തരം നല്‍കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലത്രെ. കോവിഡിനെ പ്രതിരോധിക്കാന്‍ ശക്തമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്ന് സര്‍ക്കാര്‍ രായ്ക്ക് രാമാനം ആവര്‍ത്തിക്കുമ്പോഴാണ് ഗള്‍ഫില്‍നിന്നുമെത്തിയ ഒരു യുവതിയേയും പിഞ്ചുകുഞ്ഞിനേയും ആരും തിരിഞ്ഞുനോക്കാനില്ലാതെ സ്വന്തം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയേണ്ടിവന്നിരിക്കുന്നത് . ഗള്‍ഫില്‍ നിന്നും എത്തുന്നവരോട് ഈ രീതിയിലാണ് സമീപനമെങ്കില്‍ കൊറോണ വ്യാപനം സമൂഹവ്യാപനമായി മാറിയേക്കുമെന്ന ആശങ്കയും ബലപ്പെടുകയാണ്.

Post a Comment

0 Comments