മൂര്‍ഖന്‍ കൊത്തുന്നതിന് മുമ്പ് ഉത്തരയെ ഭര്‍ത്താവ് മയക്കുമരുന്ന് കൊടുത്ത് മയക്കി


കൊല്ലം: മൂര്‍ഖനെ വിട്ട് കടിപ്പിക്കുന്നതിന് മുമ്പ് ഭര്‍ത്താവ് സൂരജ് ഉത്തരയെ മയക്കുമരുന്ന് കൊടുത്ത് മയക്കിയിരുന്നുവെന്ന് അന്വേഷണസംഘം.
മയക്കുമരുന്നിന്റെ ആലസ്യത്തില്‍ കഠിനമായി ഉറങ്ങിയതുകൊണ്ട് മൂര്‍ഖന്‍ ദേഹത്തേക്ക് വീണതും കടിച്ചതും യുവതി അറിഞ്ഞില്ല. രണ്ടുതവണ അതിശക്തമായി മൂര്‍ഖന്‍ ഉത്തരയെ കൊത്തി. മയക്കത്തില്‍തന്നെ മരണവും സംഭവിച്ചു.
ഉത്തര കൊലപാതക കേസില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് പ്രതി സൂരജിന് നിയമോപദേശം ലഭിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന ബാങ്ക് ലോക്കര്‍ ഉടന്‍ തുറന്ന് പരിശോധിക്കും. ഉത്രയ്ക്ക് പാമ്പ് കടിയേറ്റ മാര്‍ച്ച് 2 ന് ബാങ്കിലെത്തി ലോക്കര്‍ സൂരജ് തുറന്നിരുന്നു.
ഉത്ര കൊലപാതക കേസില്‍ 24 നാണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, താന്‍ പിടിയിലാകുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ സൂരജിന് ബോധ്യമുണ്ടായിരുന്നു. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടികാഴ്ച നടത്തിയിരുന്നു. അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വാഹനത്തില്‍ വന്ന് മടങ്ങുന്ന ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള സൂരജിന്റെ ഫോണ്‍ കോള്‍ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. ഇയാള്‍ ആരെയോക്കെ ബന്ധപ്പെട്ടിട്ടുണ്ട് എന്നറിയാനാണ് കോള്‍ വിവരങ്ങള്‍ ശേഖരിച്ചത്. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള അടൂരിലെ ദേശസാല്‍കൃത ബാങ്കിന്റെ ലോക്കറില്‍ അന്വേഷണസംഘം അടുത്ത ദിവസം പരിശോധന നടത്തും. കഴിഞ്ഞ ദിവസം സൂരജുമായി അന്വേഷണ സംഘം എത്തിയെങ്കിലും ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ ബാങ്ക് അധികൃതര്‍ അനുവാദം നല്‍കിയില്ല. നടപടി ക്രമങ്ങള്‍ പാലിക്കാത്തതിനാലാണ് അനുമതി നല്‍കാതിരുന്നത്.
പാമ്പ് കടിയേറ്റ മാര്‍ച്ച് 2 ന് സൂരജ് ബാങ്കില്‍ എത്തിയിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബാങ്കില്‍ നിന്ന് അടുത്ത ദിവസം ശേഖരിക്കും. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നാളെവരെയാണ് സൂരജിനെ പോലീസ് കസ്റ്റഡില്‍ വിട്ടു കൊടുത്തിരിക്കുന്നത്.

Post a Comment

0 Comments