മദ്യവില്‍പ്പനക്ക് ഓണ്‍ലൈന്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തുന്നു


നീലേശ്വരം: മദ്യശാലകള്‍ തുറക്കുമ്പോള്‍ തിരക്ക് നിയന്ത്രിക്കാന്‍ ഓണ്‍ലൈന്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താന്‍ ബവ്‌റിജസ് കോര്‍പ്പറേഷന്‍ തയാറെടുക്കുന്നു. ഓണ്‍ലൈന്‍ ക്യൂ സംവിധാനം നടപ്പിലാക്കാന്‍ പോലീസിന്റെയും സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെയും സഹായം തേടിയതായി ബവ്‌റിജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.
വെര്‍ച്വല്‍ ക്യൂ സംവിധാനം വിജയകരമായി നടപ്പിലാക്കിയ അനുഭവ സമ്പത്തുള്ളത്തിനാലാണ് പോലീസിന്റെ സഹായം തേടിയത്. വെര്‍ച്വല്‍ ക്യൂവുമായി ബന്ധപ്പെട്ട് ആപ്ലിക്കേഷനുകള്‍ തയാറാക്കിയിട്ടുള്ള സ്റ്റാര്‍ട്ട് അപ്പുകളില്‍നിന്നാണ് സ്റ്റാര്‍ട്ട്അപ് മിഷന്‍ വഴി അപേക്ഷ ക്ഷണിച്ചത്.
തിരക്ക് ഒഴിവാക്കാന്‍ പല വഴികളും ആലോചിക്കുന്നുണ്ടെന്നും അതിലൊന്നാണ് ഓണ്‍ലൈന്‍ സംവിധാനമെന്നും ബവ്‌കോ എംഡി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. മദ്യശാലകള്‍ തുറന്നാല്‍ വലിയ തിരക്ക് ഉണ്ടാകാനിടയുണ്ട്. അതൊഴിവാക്കാനാണ് ഓണ്‍ലൈന്‍ അടക്കമുള്ള മാര്‍ഗങ്ങള്‍ തേടുന്നത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്.
മദ്യം വാങ്ങാനുള്ള ടോക്കണുകള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ഇതിനായി വിവിധ സമയങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കും. ടോക്കണിലെ ക്യൂആര്‍ കോഡ് ബവ്‌റിജസ് ഷോപ്പില്‍ സ്‌കാന്‍ ചെയ്തശേഷം മദ്യം നല്‍കും.
നിശ്ചിത അളവ് മദ്യം മാത്രമേ വാങ്ങാന്‍ സാധിക്കൂ. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്താല്‍ അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഷോപ്പുകളും തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടാകും. സ്മാര്‍ട്ട് ഫോണില്ലാത്തവര്‍ക്ക് എസ്എംഎസ് സംവിധാനത്തിലൂടെ മദ്യം നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. 267 ഷോപ്പുകളാണ് ബവ്‌കോയ്ക്കുള്ളത്. ഒരു ദിവസം ശരാശരി 7 ലക്ഷം പേരാണ് ബവ്‌കോ ഷോപ്പുകളിലെത്തുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ ഇത് 10.5 ലക്ഷം വരെയെത്തും. ഒരുദിവസം ശരാശരി 40 കോടിരൂപയുടെ കച്ചവടമാണ് നടക്കുന്നത്.

Post a Comment

0 Comments