ക്വാറന്റീന്‍ സൗകര്യത്തിന് പണം: സര്‍ക്കാര്‍ നയം മാറ്റിയത് ദീര്‍ഘകാല സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട്


കൊച്ചി: വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന എല്ലാവരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന മാനദണ്ഡത്തില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. ഐസിഎംആര്‍ നിര്‍ദേശപ്രകാരം തിരിച്ചെത്തിയ പ്രവാസികളില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടവരേയും രോഗലക്ഷണം കാണിക്കുന്നവരേയും മാത്രമേ ഇപ്പോള്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നുള്ളൂ. ദേശീയതലത്തിലെ കണക്കെടുത്താല്‍ ഏറ്റവും കുറവ് പരിശോധനകള്‍ നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് നിലവില്‍ കേരളമുള്ളത്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും തിരിച്ചെത്തുന്നവരെ 7 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് ശേഷം പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ മാത്രമേ വീടുകളിലേക്ക് അയക്കാനാകൂ എന്നായിരുന്നു ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ നിലപാട്. ഈ മാസം നാല് മുതല്‍ ഇതുവരെ പ്രവാസികളും ഇതരസംസ്ഥാനമലയാളികളും അടക്കം 97247 പേര്‍ സംസ്ഥാനത്ത് എത്തി.
ഇതില്‍ പരിശോധന നടത്തിയത് പതിനാലായിരത്തോളം പേരെ മാത്രം. ഇതരസംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരുടെ എണ്ണം കൂടിയതോടെ എല്ലാവരേയും ടെസ്റ്റ് ചെയ്യുക എന്ന മുന്‍ മാനദണ്ഡത്തില്‍ നിന്നും സര്‍ക്കാര്‍ മാറി. രോഗലക്ഷണം കാണിക്കുന്നവരെ പരിശോധിക്കുക എന്ന ഐസിഎംആറിന്റെ പുതിയ മാനദണ്ഡമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.
സംസ്ഥാനത്ത് 22 ലാബുകളുണ്ടെങ്കിലും പ്രതിദിനം ശരാശരി 1800 സാമ്പിളുകള്‍ മാത്രമാണ് നിലവില്‍ പരിശോധിക്കുന്നത്. കൂടുതല്‍ പേര്‍ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതോടെ പരിശോധനകളുടെ എണ്ണം കൂട്ടിയില്ലെങ്കില്‍ സാമൂഹ്യവ്യാപനം പോലുള്ള ആശങ്കാജനകമായ അവസ്ഥയിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് ആരോഗ്യമേഖലയിലുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Post a Comment

0 Comments