ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിക്ക് നേരെ വധശ്രമംനീലേശ്വരം: വ്യാജ മദ്യവാറ്റ് ചോദ്യം ചെയ്തതിന് ഡിവൈഎഫ്‌ഐ നേതാവിന് നേരെ അക്രമം.
ഡിവൈഎഫ്‌ഐ നീലേശ്വരം മേഖലാ സെക്രട്ടറി പള്ളിക്കര മുണ്ടേമാട്ടുമ്മലിലെ ടി.കെ. അനീഷ്‌കുമാറിന് (34) നേരെയാണ് വധശ്രമം. സാരമായി പരിക്കേറ്റ അനീഷിനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 10.30 ഓടെയാണ് ആക്രമണമുണ്ടായത്. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലുള്ള പാഴ് വസ്തുക്കള്‍ ശേഖരിക്കുന്ന ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയ അനീഷിനെ വീട്ടില്‍ നിന്നും പുറത്തേക്ക് വിളിച്ചിറക്കി കഴുത്തില്‍ തോര്‍ത്ത്മുണ്ട് കൊണ്ട് മുറുക്കിയശേഷം മുഖത്തും തലക്കും മാരകായുധങ്ങള്‍കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിനിടയില്‍ അക്രമികള്‍ വീടിന്റെ ജനല്‍ ഗ്ലാസുകളും അടിച്ചുതകര്‍ത്തു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി.
അനീഷിനെ വധിക്കാന്‍ ശ്രമിച്ച പള്ളിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ രാജേഷ്, മുണ്ടേമാട്ടുമ്മലിലെ കൃഷ്ണന്‍ എന്നിവരെ പിടിച്ചുവെച്ച് നീലേശ്വരം പോലീസിനെ വിവരം അറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലോക്ഡൗണിന്റെ ഭാഗമായി മദ്യവില്‍പ്പന നിരോധിച്ചതിനെ തുടര്‍ന്ന് കൃഷ്ണനും രാജേഷും ചേര്‍ന്ന് വ്യാജവാറ്റ് നടത്തി വില്‍പ്പന നടത്തുന്നതിനെ അനീഷിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. ഈ വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെന്ന് ആശുപത്രിയില്‍ കഴിയുന്ന അനീഷ് പറഞ്ഞു.
പോലീസ് കസ്റ്റഡിയിലെടുത്ത രാജേഷിനെയും കൃഷ്ണനെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇന്നുതന്നെ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) മുമ്പാകെ ഹാജരാക്കും.

Post a Comment

0 Comments