ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം: കോളജുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. അടുത്ത അധ്യയന വര്‍ഷം രാവിലെ 8.30 മുതല്‍ 1.30വരെയാകും കോളെജുകളുടെ പ്രവര്‍ത്തനസമയം. എന്നാല്‍ പുതിയ സമയ ക്രമത്തിനെതിരെ എസ്എഫ്‌ഐ രംഗത്തുവന്നിരിക്കുകയാണ്. തെറ്റായ നടപടി അംഗീകരിക്കില്ലെന്നും നിര്‍ദ്ദേശം തിരുത്തണമെന്നുമാണ് എസ്എഫ്‌ഐയുടെ ആവശ്യം.
കോളജുകളിലും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ വഴി പഠനം ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത്. ഒന്നാം തീയതി രാവിലെ 8.30ന് തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ഏത് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന് സ്ഥാപന മേധാവികള്‍ക്ക് തീരുമാനിക്കാം. ഇതിനായി അസാപിന്റെയും ഐസിടി അക്കാദമിയുടെയും ഒറൈസിന്റെയും സാങ്കേതിക സംവിധാനങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം. അന്തര്‍ജില്ലാ യാത്രകള്‍ അനുവദനീയമാകുംവരെ, ജില്ലകള്‍ക്കുള്ള അധ്യാപകരോട് റോട്ടേഷന്‍ വ്യവസ്ഥയില്‍ ഹാജരാകാന്‍ ആവശ്യപ്പെടാം.
പുറത്തുള്ള അധ്യാപകര്‍ ഓണ്‍ലൈനില്‍ ക്ലാസ് നടത്തണം. ക്ലാസ് റെക്കോര്‍ഡ് ചെയ്തും നല്‍കാം. വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പാക്കണം. സ്വന്തം വീട്ടില്‍ നിന്ന് ഓണ്‍ലൈനായി പങ്കെടുക്കാനാകാത്ത കുട്ടികള്‍ക്ക് തൊട്ടടുത്ത കോളജിനെയോ ലൈബ്രറിയെയോ ആശ്രയിക്കാം. ഉന്നതവിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോളജുകളുടെ പ്രവര്‍ത്തനസമയം മാറ്റുന്നതിനെ ഇടത് അധ്യാപകസംഘടനയും എസ്എഫ്‌ഐയും എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പ് അവഗണിച്ചാണ് കോളേജുകളുടെ സമയം പുനക്രമീകരിക്കാനുള്ള തീരുമാനം.

Post a Comment

0 Comments