എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങി; ജില്ലയിലെ നിരവധി കന്നഡ വിദ്യാര്‍ത്ഥികള്‍ എത്തിയില്ല


കാസര്‍കോട്: കൊവിഡ് വ്യാപനം മൂലം നേരത്തെ നിര്‍ത്തി വച്ച എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിച്ചു.
അതേസമയം കാസര്‍കോട് ജില്ലയില്‍ പരീക്ഷ എഴുതേണ്ട കര്‍ണാടക സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ മുഴുവനായി എത്താതിരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ജില്ലയില്‍ 53344 വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതുന്നത്. 153 സെന്ററുകളിലായി 19630 കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷയും 106 സെന്ററുകളിലായി 16677 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും 17037 പ്ലസ് ടു വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി. 22 സെന്ററുകളില്‍ 3000 വി.എച്ച്.എസ്.സി വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി.
സ്‌കൂളുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്ത് പൊലീസിനേയും വിന്യസിച്ചിരുന്നു. രാവിലെ വിഎച്ച്എസ് സി പരീക്ഷയും ഉച്ചക്ക് ശേഷം എസ്എസ്എല്‍സി പരീക്ഷയുമാണ് നടന്നത്.
നാളിതുവരെ ഇല്ലാത്ത ഒരുക്കങ്ങളുമായാണ് പതിമൂന്ന് ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്കെത്തിയത്. വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്നിറങ്ങി പരീക്ഷ എഴുതി തിരിച്ചുപോകുന്നത് വരെ കര്‍ശന സുരക്ഷാ മുന്‍കരുതലുണ്ടായത്. മാസക്ക് നിര്‍ബന്ധം, സ്‌കൂളിനു മുന്നില്‍ കൈകള്‍ അണുവിമുക്തമാക്കും. ഒരു ഹാളില്‍ പരമാവധി 20 കുട്ടികള്‍ മാത്രം.
രോഗലക്ഷണങ്ങളുള്ളവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെയും പ്രത്യേകം ഇരിപ്പിടം ഒരുക്കി. ഹോട് സ്‌പോട്ടുകളിലും കര്‍ശന സുരക്ഷയോടെ പരീക്ഷയുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ കുടിവെള്ളം കുപ്പിയിലാക്കി കൊണ്ടുവരാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ ഉപയോഗിച്ച കപ്പോ കുടിവെള്ള കുപ്പിയോ ഉപയോഗിക്കാന്‍ അനുവദിച്ചില്ല. പരീക്ഷക്ക് മുമ്പും ശേഷവും കൂട്ടം കൂടിയുള്ള ചര്‍ച്ചകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കൊവിഡ് കേസുകള്‍ കൂടുമ്പോള്‍ പരീക്ഷ നടത്തരുതെന്നായിരുന്നു പ്രതിപക്ഷനിലപാട്. അത് കൊണ്ട് വീഴ്ചകള്‍ ഇല്ലാതെയുള്ള പരീക്ഷ നടത്തിപ്പ് സര്‍ക്കാറിന് മുന്നില്‍ വന്‍ വെല്ലുവിളിയായിരുന്നു.
അതേസമയം കാസര്‍കോട് ജില്ലയിലെ കര്‍ണാടക സ്വദേശികളായ നിരവധി വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ എത്താതിരുന്നത് ആശങ്ക സൃഷ്ടിച്ചു. 264 കുട്ടികള്‍ വരേണ്ടിടത്ത് എത്തിയത് 211 കുട്ടികള്‍ മാത്രമാണ്. 53 കുട്ടികള്‍ ഇതുവരെയും അതിര്‍ത്തി കടക്കാനെത്തിയില്ല. എത്താനുള്ളതില്‍ കൂടുതലും എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടവരാണ്. ഇതിനോടകം പരീക്ഷ എഴുതാനായി തലപ്പാടി അതിര്‍ത്തിയിലെത്തിയ കുട്ടികളെ ജില്ലാ ഭരണകൂടമാണ് സ്‌കൂളുകളിലെത്തിച്ചത്.
സ്‌കൂള്‍ വാഹനങ്ങളിലോ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹനങ്ങളിലോ അല്ലാതെ മറ്റ് വാഹനങ്ങളില്‍ എത്തുന്ന കുട്ടികള്‍ ഗേറ്റിന് 100 മീറ്റര്‍ മുമ്പതന്നെ വാഹനം നിര്‍ത്തി ഇറങ്ങി പരീക്ഷാഹാളിലേയ്ക്ക് പോകാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഒപ്പം വന്ന ഡ്രൈവറേയോ മാതാപിതാക്കളേയോ സ്‌കൂളിലേയ്ക്ക് പോകാന്‍ അനുവദിച്ചില്ല. പരീക്ഷാസമയം തീരുന്നതുവരെ അവര്‍ പുറത്ത് കാത്തുനില്‍ക്കാതെ മടക്കിയയച്ചു. കുട്ടിയെ തിരികെ കൊണ്ടുപോകാനായി പരീക്ഷ കഴിയുമ്പോള്‍ വീണ്ടും വന്നാല്‍ മതിയാകും.
പരീക്ഷാകേന്ദ്രങ്ങള്‍ക്കു മുന്നിലെ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ഇത് സഹായിച്ചു. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

Post a Comment

0 Comments