സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; പത്തനംതിട്ട സ്വദേശി കോട്ടയത്ത് മരിച്ചു


കോട്ടയം: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട സ്വദേശി ജോഷിയാണ് (65) കൊവിഡ് ബാധിച്ച് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പുലര്‍ച്ചെ 2 മണിയോടെ ആയിരുന്നു മരണം. അബുദാബിയില്‍ നിന്ന് ഈ മാസം 11 നാണ് നാട്ടിലെത്തിയത്. കടുത്ത പ്രമേഹ രോഗി ആയിരുന്നു ഇദ്ദേഹം. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എട്ടാമത്തെ കൊവിഡ് മരണമാണ് ഇദ്ദേഹത്തിന്റേത്.
18-ാം തീയതി മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് ഈ മാസം 27-ാം തീയതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്. അബുദാബിയില്‍ നിന്ന് ഈ മാസം 11 ന് എത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് ചികിത്സയിലേക്ക് മാറ്റി.
പ്രമേഹവും അമിതവണ്ണവും മൂലമാണ് അദ്ദേഹത്തിന്റെ ചികിത്സ ഫലപ്രദമാകാതിരുന്നതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. 94 കിലോ ആയിരുന്നു അദ്ദേഹത്തിന്റെ ശരീരവണ്ണം. കടുത്ത പ്രമേഹമുണ്ട് എന്ന് ബന്ധുക്കള്‍ക്കോ രോഗിക്ക് തന്നെയോ അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ വന്നിരുന്നു. പക്ഷേ, ഇന്നലെ രാത്രിയോടെ ഇദ്ദേഹത്തെ വെന്റിലേറ്ററിലാക്കേണ്ടി വന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയിട്ടുണ്ട്. മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാകും സംസ്‌കരിക്കുക.

Post a Comment

0 Comments