കിണര്‍വെള്ളത്തിനും നികുതിവരുന്നു


കാഞ്ഞങ്ങാട്: റീബില്‍ഡ് കേരളയ്ക്ക് ലോകബാങ്ക് വികസന വായ്പ കിട്ടാനായി കേരള ജല അതോറിറ്റിയെ അവരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അടിമുടി മാറ്റാനുള്ള നീക്കങ്ങള്‍ തുടങ്ങി. ലോകബാങ്കിന്റെ നിര്‍ദ്ദേശാനുസരണം ജല അതോറിറ്റി പുനഃസംഘടിപ്പിക്കുമ്പോള്‍ സംസ്ഥാനത്ത് കുടിവെള്ളത്തിനു തൊട്ടാല്‍പൊള്ളുന്ന വിലയാകുമെന്ന് മാത്രമല്ല കിണറിലെ വെള്ളത്തിനുപോലും ഭാവിയില്‍ നികുതി അടക്കേണ്ടിവരും.
ഇതിനായി ലോകബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം ജലനയം പുനഃസംഘടിപ്പിക്കുന്നതിനായി വിദഗ്ധസമിതിക്കു രൂപം നല്‍കിക്കഴിഞ്ഞു.
ലോകബാങ്കിന് കീഴിലുള്ള ജലനിധി പദ്ധതിക്കു പ്രാമുഖ്യം നല്‍കുന്ന തരത്തില്‍ അതോറിറ്റിയെ പൊളിച്ചടുക്കാനാണു തീരുമാനം. ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ: ബി. അശോക് ചെയര്‍മാനായ പന്ത്രണ്ടംഗ സമിതിയില്‍ ജലനിധിയുമായി ബന്ധപ്പെട്ടവര്‍ക്കാണു മുന്‍തൂക്കം. അതോറിറ്റിയുടെ ഘടനാപരമായ മാറ്റങ്ങള്‍ ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള ശിപാര്‍ശകളാണ് കമ്മിറ്റി നല്‍കേണ്ടത്. ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കാണു ഭരണപരമായ ചുമതലകള്‍. കിണറുകള്‍ ഉള്‍പ്പെടെ എല്ലാ ജലസ്രോതസുകളെയും സംയോജിപ്പിച്ചുകൊണ്ട് പുതിയ ജലനയം രൂപീകരിക്കാനാണു നീക്കം.
ഇതു കിണര്‍വെള്ളത്തിനു പോലും ഭാവിയില്‍ പണം നല്‍കേണ്ട സ്ഥിതിയുണ്ടാക്കുമെന്ന് ആശങ്കയുണ്ട്. ലോകബാങ്ക് നയങ്ങള്‍ക്കനുസൃതമായി വായ്പകള്‍ സംഘടിപ്പിക്കുകയും പുതിയ ജലനയരൂപീകരണവും സമിതിയുടെ ചുമതലയാണ്. ജലത്തിന്റെ സുസ്ഥിര വിതരണം ഉറപ്പാക്കാനായി ലോകബാങ്ക് നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുനഃസംഘടനയെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നദീതട പരിപാലന സമിതി രൂപീകരിക്കാനും തത്വത്തില്‍ തീരുമാനമുണ്ട്.
ജലഅതോറിറ്റിയുടെ ഭരണപരമായ സംവിധാനത്തിലും മാറ്റം വരുത്തും. ഇതിനു മുന്നോടിയായി സെക്ഷന്‍ ഓഫീസുകളുടെ ശാക്തീകരണമെന്ന പേരില്‍ അതോറിറ്റിയില്‍ വ്യാപക സ്ഥലമാറ്റവും തസ്തിക മാറ്റവും നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശം തയാറാക്കുന്നതിനായി ട്രേഡ് യൂണിയന്‍ പ്രതിനിധികളടങ്ങുന്ന കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.
ഈ സ്ഥാപനപരിഷ്‌കരണം കേന്ദ്രസര്‍ക്കാരിന്റെ ജലജീവന്‍ മിഷന് അനുയോജ്യമാക്കികൊണ്ടായിരിക്കും നടപ്പാക്കുക. സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ സൗജന്യ വിഹിതം നിര്‍ത്തലാക്കിയതു ലോകബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ജലവിതരണം കാര്യക്ഷമമാക്കുന്നതിനൊപ്പം നഷ്ടമില്ലാതെ മുന്നോട്ടുപോകണമെന്നാണ് ലോകബാങ്കിന്റെയൂം കേന്ദ്രത്തിന്റെയും നയം. ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സൗജന്യങ്ങള്‍ ഇല്ലാതാകുമെന്നും കുടിവെള്ളത്തിന്റെ നിരക്ക് ഇരട്ടിയിലധികമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Post a Comment

0 Comments