വന്‍ദുരന്തം ഒഴിവായി; ഉഗ്ര സ്‌ഫോടന നീക്കം സൈന്യം തകര്‍ത്തു


ശ്രീനഗര്‍: പുല്‍വാമയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പോലെ വന്‍ ബോംബ് സ്‌ഫോടനത്തിന് പദ്ധതിയിട്ട് എത്തിയ കാര്‍ സൈന്യം തടഞ്ഞു. സ്‌ഫോടനാക്രമണ പദ്ധതി തകര്‍ത്ത സൈന്യം പിന്നീട് കാര്‍ തകര്‍ത്തു. കാറുമായി വന്ന ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
20 കിലോയോളം സ്‌ഫോടകവസ്തുവുമായി വന്ന വെളുത്ത സാന്‍ട്രോ കാര്‍ ആണ് ഇന്നലെ രാത്രി പൊട്ടിത്തെറിച്ചത്. ഇതിന്റെ ചിത്രം സൈന്യം തന്നെയാണ് പുറത്തുവിട്ടത്. വ്യാജ രജിസ്‌ട്രേഷനിലുള്ള കാര്‍ എത്തുന്ന രഹസ്യവിവരം അറിഞ്ഞ സുരക്ഷാസേന നഗരത്തിലേക്കുള്ള റോഡുകള്‍ മുഴുവന്‍ ബ്ലോക്ക് ചെയ്ത് ഒറ്റപ്പെട്ട സ്ഥലത്ത് കാര്‍ എത്തിച്ച ശേഷമാണ് സ്‌ഫോടനം നടത്തിയതെന്ന് ഐ.ജി വിജയ് കുമാര്‍ പറഞ്ഞു.
കാറിനെ വളഞ്ഞ സൈന്യം വെടിയുതിര്‍ത്തതോടെ ഡ്രൈവര്‍ കാറുപേക്ഷിച്ച് ഇറങ്ങിയോടി. സ്‌ഫോടനത്തില്‍ സമീപത്തുള്ള ഏതാനും വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷമാണ് സ്‌ഫോടനം നടത്തിയത്. കാര്‍ മറ്റൊരു സ്ഥലത്തേക്ക് നീക്കാന്‍ ശ്രമിച്ചുവെങ്കിലും വലിയൊരു ട്രമ്മിനുള്ളില്‍ സ്‌ഫോടക വസ്തു വച്ചിരുന്നതിനാല്‍ ശ്രമം ഉപേക്ഷിച്ച ശേഷമാണ് സ്‌ഫോടനം നടത്തിയതെന്ന് ഡി.ജി.പി ദില്‍ബാഗ് സിംഗ് പറഞ്ഞു.
സൈന്യവും പോലീസും പാരാമിലിട്ടറി സേനകളും ചേര്‍ന്നാണ് സ്‌ഫോടന നീക്കം തടഞ്ഞത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 14ന് പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദായിരുന്നു ആക്രമണത്തിനു പിന്നില്‍. ഇതേതുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ രൂക്ഷമായ വ്യോമാക്രമണവും നടന്നിരുന്നു. പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഭീകര താവളം ഇന്ത്യന്‍ സേന വ്യോമാക്രമണത്തില്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. 30 ഓളം സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൊടും ഭീകരന്‍ റിയാസ് നായ്കൂ അടക്കം 38 സൈനികരെയും വകവരുത്തി.
കൊവിഡ് പ്രതിരോധത്തിനിടെ പാകിസ്താനില്‍ നിന്നും പരിശീലനം ലഭിച്ച ഭീകരര്‍ ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റം ശക്തമാക്കുമെന്ന് നേരത്തെ രഹസ്യാന്വേഷണ വിവരമുണ്ടായിരുന്നു.

Post a Comment

0 Comments