തിരുവനന്തപുരം: ബവ്കോയുടെ മദ്യവിതരണത്തിനുള്ള ആപ്പിന് നിരാശാജനകമായ തുടക്കം. രാവിലെ ആപ് ഹാങ്ങായെന്നാണ് പരാതി. പുതുതായി ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല. ഇന്നത്തെ ബുക്കിങ് സമയം രാവിലെ 6 മണിയില്‍നിന്ന് 9 മണിവരെ നീട്ടിയിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ ബവ്ക്യൂ ആപ് പ്ലേസ്റ്റോറിലെത്തിയെങ്കിലും ഭൂരിഭാഗം പേര്‍ക്കും ബുക്ക് ചെയ്യാനായിരുന്നില്ല. ഒടിപി (വണ്‍ ടൈം പാസ്വേഡ്) ലഭിക്കാത്തതായിരുന്നു കാരണം.
പ്ലേസ്റ്റോറില്‍ സേര്‍ച്ച് ചെയ്താല്‍ ആപ് ലഭിക്കാത്ത പ്രശ്നവുമുണ്ടായി. രാത്രി 11.30ന് ശേഷം, ബുക്കിങ് ഇനി രാവിലെ 6 മണിക്കു മാത്രമേ നടക്കൂ എന്ന സന്ദേശം ചിലര്‍ക്ക് ലഭിച്ചു. പലര്‍ക്കും ഈ സന്ദേശംപോലും ലഭിച്ചില്ല. ബുക്ക് ചെയ്ത പലര്‍ക്കും 20 കിലോമീറ്റര്‍ വരെ ദൂരെയുള്ള ഔട്ട്ലെറ്റുകളിലാണ് ടോക്കണ്‍ ലഭിച്ചതെന്നും പരാതിയുണ്ട്.
ആപ് സ്റ്റോറില്‍ ആപ് ലഭിക്കുന്നില്ല. എസ്എംഎസ് വഴി ബുക്ക് ചെയ്യുന്നതിലും പ്രശ്നങ്ങളുണ്ട്. സാങ്കേതിക പ്രശ്നങ്ങള്‍ മദ്യവിതരണത്തിന് തടസമാകുമോയെന്ന ആശങ്ക ബവ്കോ അധികൃതര്‍ പങ്കുവയ്ക്കുന്നു. ഇന്ന് 9 മണി മുതല്‍ മദ്യവിതരണം ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. 5 മണിവരെയായിരിക്കും മദ്യവിതരണം. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്ത് ഇ ടോക്കണ്‍ ലഭിച്ചവര്‍ക്കു മാത്രമേ മദ്യം ലഭിക്കൂ.
നിശ്ചിത സമയം കഴിഞ്ഞിട്ടും ആപ് ലഭിക്കാത്തതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. മികച്ച സേവനം നല്കാന് ആപ് നിര്‍മാതാക്കള്‍ പരാജയപ്പെട്ടെന്നായിരുന്നു പ്രധാന വിമര്‍ശനം. കോവിഡ് വാക്സിനു വേണ്ടിപോലും ഇത്രയും കാത്തിരുന്നിട്ടില്ല– ഒരു കമന്റ് ഇങ്ങനെ. ബവ്ക്യൂ ആപ്പിനായി തിരയുമ്പോള്‍ കൃഷി ആപ്പാണ് വരുന്നതെന്നും ഗതികെട്ട് അതു ഡൗണ്‍ലോഡ് ചെയ്ത് നാല് വാഴവച്ചെന്നുമാണ് മറ്റൊരു കമന്റ്. വാഴ കുലയ്ക്കുമ്പോഴെങ്കിലും ആപ് വരുമോയെന്നും ആപ് നിര്‍മാതാക്കളായ ഫെയര്‍കോഡ് കമ്പനിയുടെ ഫെയ്സ്ബുക്ക് പേജില്‍ ഉപഭോക്താക്കള്‍ കുറിച്ചു.
തിരക്ക് കൈകാര്യം ചെയ്യാന്‍ ആപ് നിര്‍മ്മാതാക്കള്‍ക്ക് കഴിയാത്തതാണ് ഉപഭോക്താക്കളെ നിരാശരാക്കിയത്. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ 3.30നുള്ള വാര്‍ത്താസമ്മേളനത്തിനുശേഷം പ്ലേസ്റ്റോറില്‍ ആപ് വരുമെന്നായിരുന്നു കമ്പനി അധികൃതര്‍ പറഞ്ഞത്. എന്നാല്‍, രാത്രി 10 മണി കഴിഞ്ഞിട്ടും വന്നില്ല. പിന്നീട് ആപ് പ്ലേസ്റ്റോറില്‍ വന്നതായി കമ്പനി ഔദ്യോഗികമായി അറിയിച്ചെങ്കിലും പലര്‍ക്കും സേര്‍ച്ചിങ്ങില്‍ ലഭിച്ചില്ല. സേര്‍ച്ചിങ്ങില്‍ ആപ് ലഭിച്ചവരില്‍ മിക്കവര്‍ക്കും ഒടിപി ലഭിച്ചതുമില്ല. ദീര്‍ഘനേരം ശ്രമിച്ച ചിലര്‍ക്ക് ഒടിപി ലഭിച്ചു. അപ്പോഴേക്കും സമയം കഴിഞ്ഞതായുള്ള അറിയിപ്പ് ലഭിച്ചു. ഇന്ന് രാവിലെ 6 മുതല്‍ ബുക്കിങ് ചെയ്യാന്‍ കഴിയുന്നുണ്ട്.
1,82,000 പേര് ഇന്നലെ 10 മണി മുതല്‍ 12വരെ റജിസ്റ്റര്‍ ചെയ്തതായി കമ്പനി അധികൃതര്‍ പറഞ്ഞു. 2 ലക്ഷത്തോളം പേര് രാവിലെ 6 മണിവരെ ആപ് ഡൗണ്‍ലോഡ് ചെയ്തു. ആപ് പ്ലേസ്റ്റോറില്‍ ലൈവാണെന്നും ഗൂഗിള്‍ ഇന്‍ഡക്ടസ് ചെയ്യുന്നതിലെ താമസം കാരണമാണ് സേര്‍ച്ചില്‍ കിട്ടാത്തതെന്നും കമ്പനി പറയുന്നു. ഈ പ്രശ്നം ഉടന്‍ പരിഹരിക്കാനാകുമെന്നും അവര്‍ പറയുന്നു.
ഷോപ്പുകള്‍ക്കുള്ള ആപ് പ്രത്യേകം തയാറാക്കിയിട്ടുണ്ട്. അതിന്റെ ലിങ്ക് ഷോപ്പിന്റെ ചുമതലയുള്ളവര്‍ക്ക് അയയ്ക്കും. ഈ ആപ് ഉപയോഗിച്ചാണ് ഇ–ടോക്കണ്‍ പരിശോധിക്കേണ്ടത്. ബവ്കോ ഷോപ്പുകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ തെര്‍മല്‍ സ്കാനിങിന് വിധേയരാക്കണം. ബവ്കോ ജീവനക്കാരെ ദിവസം രണ്ടുതവണ തെര്‍മല്‍ സ്കാനിങ് നടത്തും.
0 Comments