കാഞ്ഞങ്ങാട് : രാജ്യസഭാ അംഗവും മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി.വീരേന്ദ്രകുമാറിനെ തംബുരു മീട്ടാന്‍ പഠിപ്പിച്ചതിന്റെ ഓര്‍മയില്‍ വെളളിക്കോത്ത് വിഷ്ണുഭട്ട്.
ജില്ലാ ജനവേദിയുടെ നേതൃത്വത്തില്‍ 2003 ല്‍ നടന്ന ജില്ലാ രാഷ്ട്രബോധന സംഗീതയാത്രയുടെ ഉദ്ഘാടന വേദിയിലായിരുന്നു ഇത്. മെയ് 20 ന് തൃക്കരിപ്പൂരില്‍ നിന്നു തുടങ്ങിയ യാത്ര ഉദ്ഘാടനം ചെയ്തത് വീരേന്ദ്രകുമാറായിരുന്നു. വിഷ്ണുഭട്ടിന് തംബുരു കൈമാറിയായിരുന്നു ഉദ്ഘാടനം. ഉദ്ഘാടന പരിപാടിക്കു തൊട്ടുമുമ്പാണ് തംബുരു കൈമാറി സംഗീതയാത്ര ഉദ്ഘാടനം ചെയ്യുന്ന തനിക്കു തംബുരു മീട്ടാനറിയില്ലല്ലോയെന്ന് വീരേന്ദ്രകുമാര്‍ പരിഭവമറിയിച്ചത്. ഇതോടെ ചടങ്ങിനായി കൊണ്ടുവന്ന തംബംരു എടുത്ത് വിഷ്ണുഭട്ട് ചെറുതായൊരു പരിശീലനം നല്കി. പഠിപ്പിച്ചതുപോലെ ചെറുതായൊന്നു തംബുരു മീട്ടി ഒരു ചെറുചിരിയും പാസാക്കി തംബുരു വിഷ്ണുഭട്ടിനു കൈമാറി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 1987 മുതല്‍ ജില്ലയിലും സംസ്ഥാന തലത്തിലുമായി മുപ്പത്തിയാറോളം സംഗീതയാത്രകള്‍ നടത്തിയ വിഷ്ണുഭട്ടിന്റെ പത്തൊമ്പതാമത്തെ സംഗീതയാത്രയായിരുന്നു അത്. മണികണ്ഠദാസ് കുട്ടമത്ത് രചിച്ച ഗാനങ്ങള്‍ പാടി ജില്ലയിലെ ഇരുപത്തിയഞ്ചോളം കേന്ദ്രങ്ങളില്‍ സംഗീതയാത്ര പര്യടനം നടത്തിയിരുന്നു.
0 Comments