വിവാഹമോചനം ചോദിച്ചത് കൊലപാതകത്തിന് കാരണമായി


കൊല്ലം: ഉത്ര കൊലക്കേസില്‍ നിര്‍ണായകമായി സൂരജിന്റെ വിശദമായ കുറ്റസമ്മതമൊഴി. ഉത്രയുടെ വീട്ടില്‍ നിന്ന് കൂടുതല്‍ പണവും സ്വത്തും തേടി പലപ്പോഴും വഴക്കുണ്ടായിരുന്നു. അടൂരിലെ വീട്ടില്‍ വച്ച് കഴിഞ്ഞ ജനുവരിയില്‍ വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന്, ഉത്രയുടെ വീട്ടില്‍ നിന്ന് അച്ഛനും സഹോദരപുത്രനും വന്നു. ഇങ്ങനെ തുടരുകയാണെങ്കില്‍ ഉത്രയെ വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും അച്ഛന്‍ പറഞ്ഞു. ഇതാണ് കൊലപാതകനീക്കത്തിലേക്ക് പോകാന്‍ സൂരജിനെ പ്രേരിപ്പിച്ചത്.
2018 മാര്‍ച്ച് 26 നായിരുന്നു ഉത്രയുടെയും സൂരജിന്റെയും വിവാഹം. വിവാഹശേഷം ഉത്രയെ മാനസികമായും ശാരീരികമായും സൂരജ് പീഡിപ്പിച്ചിരുന്നു എന്നാണ് വിവരം. ഇത് ഉത്രയുടെ കുടുംബത്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ് സൂരജിന്റെ വീട്ടില്‍ വച്ച് ഇവര്‍ തമ്മില്‍ വഴക്കായ വിവരം അറിഞ്ഞ് അച്ഛന്‍ വിജയസേനനും സഹോദരപുത്രന്‍ ശ്യാമും സൂരജിന്റെ വീട്ടിലെത്തി വിവരം അന്വേഷിച്ചത്. ഉത്രയെ ഇങ്ങനെ ദ്രോഹിച്ചാല്‍ വിവാഹമോചനം തന്നേയ്ക്കാന്‍ അച്ഛനടക്കം പറയുകയും ചെയ്തു.
വിവാഹമോചനത്തിലേക്ക് കാര്യമെത്തിയപ്പോഴാണ് സൂരജിന് സ്ത്രീധനത്തുക മുഴുവന്‍ തിരികെ നല്‍കേണ്ടി വരുമെന്ന് മനസ്സിലായത്. 96 പവന്‍, 5 ലക്ഷം രൂപ, കാര്‍, മൂന്നേകാല്‍ ലക്ഷം രൂപയുടെ പിക്കപ്പ് ഓട്ടോ എന്നിവയെല്ലാം തിരിച്ച് കൊടുക്കേണ്ടി വരും. ഉത്രയുടെ അമ്മ അടുത്ത മാസം വിരമിക്കുമ്പോള്‍ കിട്ടുന്ന 65 ലക്ഷം രൂപ രണ്ട് മക്കള്‍ക്കുമായി വീതിച്ച് കൊടുക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നതാണ്. അതും കയ്യില്‍ നിന്ന് പോകും. ഇതോടെ അനുനയത്തിന്റെ പാതയിലായി സൂരജും കുടുംബവും. തുടര്‍ന്നാണ് ഉത്രയെ കൊല്ലാന്‍ സൂരജ് പദ്ധതി ആസൂത്രണം ചെയ്ത് തുടങ്ങിയത്. ഉത്ര മരിച്ചാല്‍ കുഞ്ഞിന്റെ പേരിലോ, സൂരജിന്റെ പേരിലോ ആയി സ്വത്ത് എഴുതിക്കിട്ടുമെന്ന് സൂരജ് കണക്കുകൂട്ടി.

Post a Comment

0 Comments