ഡെപ്യൂട്ടി തഹസില്‍ദാരുടെ കൊറോണഗാനങ്ങള്‍ ശ്രദ്ധേയമായി


നീലേശ്വരം: കോവിഡ് 19 പ്രതിരോധത്തെക്കുറിച്ച് ജനങ്ങളോ ബോധവല്‍ക്കരിക്കാനും കോവിഡ് രണ്ടാംവരവിലെ അവസാനരോഗി രോഗ മുക്തി നേടി ആശുപത്രിവിട്ടപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ച പോരാളികള്‍ക്ക് സമര്‍പ്പിച്ചുകൊണ്ടും ഡെപ്യൂട്ടി തഹസില്‍ദാര്‍ എഴുതിയ ഗാനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
കലക്ടറേറ്റില്‍ ഡെപ്യൂട്ടി തഹസില്‍ദാരായ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ പി.വി.തുളസിരാജിന്റെ ഗാനങ്ങളാണ് നവമാധ്യമങ്ങള്‍ ഏറ്റെടുത്തത്. 25 വര്‍ഷമായി സാംസ്‌കാരിക രംഗത്ത് സജീവസാന്നിധ്യമായ തുളസി 2004ല്‍ പനോരമ വിഷന്‍ സൂര്യ ടിവിക്ക് വേണ്ടി 'അനുരാഗ തേന്‍ മഴ' എന്ന സംഗീത ആല്‍ബത്തിന് വേണ്ടി വരികളെഴുതിയിരുന്നു. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനം ശ്രോദ്ധാക്കളുടെ പ്രശംസയേറ്റുവാങ്ങി. ബാബു രാധാകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച മിഴിയോരം എന്ന ചിത്രത്തിനു വേണ്ടിയും ഗാനമെഴുതി.
ശിവശക്തി, തൃപ്പാദപൂജ, ആത്മസ്വരൂപിണി, രുദ്രാഭിഷേകം, ഗോകുലം, കാവിലമ്മേ പ്രണാമം തുടങ്ങിയ ഭക്തിഗാനങ്ങള്‍ക്കും പൂമൈന എന്ന മാപ്പിളപ്പാട്ടിനും, പാവനം എന്ന കൃസ്തീയ ഭക്തിഗാനങ്ങള്‍ക്കും ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. കൂടാതെ ഒട്ടേറെ സംസ്‌കാരിക പരിപാടികള്‍ക്ക് സ്വാഗത ഗാനവും ഈയടുത്ത കാലത്ത് ഐങ്ങോത്ത് നടന്ന ആസ്പയര്‍ സിറ്റി ഫുട്‌ബോള്‍ മേളയിലെ അവതരണ ഗാനവും രചിച്ചു. കോവിഡ് 19 ജില്ലയില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയ ആദ്യഘട്ടത്തില്‍ തന്നെ ജനങ്ങള്‍ക്കുള്ള സന്ദേശമായി കൊറോണക്കാലത്തെ ജാഗ്രത എന്ന കവിത സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. ഇതിനുശേഷമാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ച പോരാളികള്‍ക്ക് സമര്‍മിപ്പിച്ചുകൊണ്ടുള്ള ഗാനവും എഴുതിയത്. ഉമേഷ് നീലേശ്വരം സംഗീതവും ആലാപനവും നിര്‍വ്വഹിച്ച ഗാനവും ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഇദ്ദേഹം. ഒട്ടേറെ സാംസ്‌കാരിക പരിപാടികളുടെയും ആഘോഷപരിപാടികളുടെയും നേതൃത്വം ഏറ്റെടുത്ത് നടത്തിയിട്ടുള്ള ഇദ്ദേഹം ജേസി ഐ യുടെയും, റോട്ടറി ക്ലബ്ബിന്റെയും സജീവ അംഗമാണ്. 2015ല്‍ മികച്ച വില്ലേജ് ഓഫീസറായി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments