ഉദുമ: കെ.എസ്.ടി.പി റോഡരികില്‍ ബി.ആര്.ഡി.സിയുടെ അറ്റകുറ്റപ്പണിക്കിടെ കുടിവെള്ള പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴായിപോയി. പൈപ്പ് പൊട്ടി വെള്ളം ഒഴുകുമ്പോഴും അത് നന്നാക്കാതെ സ്വകാര്യ കരാറുകാരന് നിര്‍മ്മാണ പ്രവൃത്തിതുടര്ന്നു.
ഇതുവഴിവന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.ഗൗരി വാഹനം നിര്‍ത്തി പണിനിര്ത്താനും പൊട്ടിയ പൈപ്പ് ലൈന്‍ നന്നാക്കാനും ആവശ്യപ്പെട്ടെങ്കിലും ആദ്യം മുഖവിലക്കെടുത്തില്ലത്രെ. പിന്നീട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കര്‍ശനനിര്‍ദ്ദേശം നല്‍കിയപ്പോഴാണ് പണിനിര്‍ത്താന്‍ തയ്യാറായത്. ബേക്കല്‍കോട്ടയുടെ ഗേറ്റിന് മുന്നിലായാണ് ബി.ആര്‍ഡിസി കരാറുകാരന് മണ്ണ് നീക്കം ചെയ്യുന്നതിനിടയില്‍ കുടിവെള്ള പൈപ്പ് പൊട്ടി ജലം ഒഴുകിപോയത്. ബേക്കല്‍കോട്ടയുടെ ഗേറ്റ് മുതല്‍ പള്ളിക്കര പാലം വരെ ശക്തിയായി വെള്ളം ഒഴുകിപോയിരുന്നു. ഈ വെള്ളത്തില്‍പെട്ട് ഒരു ബൈക്ക് യാത്രക്കാരന് തെന്നിവീഴുകയും ചെയ്തു. പള്ളിക്കര, കുറിച്ചിക്കുന്ന്, ബേക്കല്‍ മേഖലകളിലാകെ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നതിനിടെയാണ് ബി.ആര്‍ഡിസി കരാറുകാരന്റെ അനാസ്ഥമൂലം കുടിവെള്ള പൈപ്പ്പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴായിപോകാനിടയായത്.
0 Comments