ബിശ്വാസ്‌മേത്ത പുതിയ ചീഫ് സെക്രട്ടറി, കളക്ടര്‍മാരെ മാററി


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവിലെ അഭ്യന്തര വിജിലന്‍സ് സെക്രട്ടറി ബിശ്വാസ് മേത്തെയ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് മെയ് 31ന് വിരമിക്കുന്ന മുറയ്ക്ക് ബിശ്വാസ് മേത്ത അടുത്ത ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കും. സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന തുടങ്ങാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടൊപ്പം പെയ്ഡ് ക്വാറന്റൈന് ഇളവ് നല്‍കാനും തീരുമാനിച്ചു.
ചീഫ് സെക്രട്ടറി മാറുന്നതിനിടൊപ്പം ഐഎഎസ് തലപ്പത്ത് കാര്യമായ അഴിച്ചു പണിയാണ് സര്‍ക്കാര്‍ നടത്തിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിനെ അഭ്യന്തരവിജിലന്‍സ് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ തിരുവനന്തപുരം കളക്ടര്‍ കെ. ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. നവജ്യോത് സിംഗ് ഖോസയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍. ഡോ.വി.വേണുവിനെ ആസൂത്രണബോര്‍ഡ് സെക്രട്ടറിയായി നിയമിച്ചു. വി. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ആലപ്പുഴ കളക്ടര്‍ എം.അജ്ഞനയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. കാര്‍ഷികോത്പന്ന കമ്മീഷണറായി ഇഷിതാ റോയിയെ നിയമിച്ചു.
1986 ബാച്ചുകാരനായ നിയുക്ത ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത രാജസ്ഥാന്‍ സ്വദേശിയാണ്. അടുത്ത വര്‍ഷം ഫെബ്രുവരി 28 വരെ അദ്ദേഹത്തിന് സര്‍വ്വീസ് ബാക്കിയുണ്ട്. 31ന് വിരമിക്കുന്ന നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസിനെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചേക്കും എന്നാണ് സൂചന.
ബിശ്വാസ് മേത്തയുടെ സ്ഥാനാരോഹണത്തോടെ സംസ്ഥാനത്തിന്റെ പൊലീസ് മേധാവിയും ഭരണസംവിധാനത്തിന്റെ തലവനായ ചീഫ് സെക്രട്ടറിയും അന്യസംസ്ഥാനക്കാരാവും എന്നൊരു പ്രത്യേകതയുണ്ട്.
  

Post a Comment

0 Comments