കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് അഞ്ചുമാസം മാത്രം അവശേഷിച്ചിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളിലും മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി.
ഔദ്യോഗിക ചര്‍ച്ചകള്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്ന ജൂണ്‍ 4 ന് ശേഷം ഉണ്ടാവുമെന്നാണ് സൂചന. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും പടലപിണക്കങ്ങളും മൂലം കഴിഞ്ഞ തവണ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി യുഡിഎഫിന് നഷ്ടപ്പെടുകയായിരുന്നു. 27 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് കിട്ടിയത് കേവലം മൂന്ന് സീറ്റുകള്‍മാത്രമാണ്. അന്നത്തെ ഡിസിസി പ്രസിഡണ്ട് സി.കെ.ശ്രീധരന്റെ പിടിവാശിമൂലമാണ് കോണ്‍ഗ്രസ് മുനിസിപ്പാലിറ്റിയില്‍ ഇങ്ങനെ മെലിയാന്‍ കാരണമെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ അന്ന് ആരോപണം ഉന്നയിച്ചിരുന്നു.
16 സീറ്റില്‍ മത്സരിച്ച മുസ്ലീംലീഗിന് 10 സീറ്റ് ലഭിച്ചു. ഇത്തവണ 15 സീറ്റ് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് മുസ്ലീംലീഗ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉറച്ച സീറ്റായ 14 -ാം വാര്‍ഡ് മുസ്ലീംലീഗ് വിമതന് എച്ച്.റംഷീദ് പിടിച്ചെടുക്കുകയായിരുന്നു. ടി.വി.നാരായണമാരാരും മകള്‍ ശൈലജയും കാലാകാലങ്ങളായി മാറിമാറി മത്സരിക്കുന്ന യുഡിഎഫിന്റെ ഉറച്ച വാര്‍ഡാണ് ലീഗ് വിമതന് റംഷീദ് പിടിച്ചെടുത്തത്. 38-ാം വാര്‍ഡ് ലീഗുകാരനായ മഹമ്മൂദ് മുറിയനാവി മറുകണ്ടംചാടി എല്‍ഡിഎഫ് പാളയത്തിലെത്തി പിടിച്ചെടുത്തതിലൂടെ ലീഗിന്റെ ഉറച്ച ഒരുസീറ്റ് നഷ്ടപ്പെടുകയായിരുന്നു. പാര്‍ട്ടിനേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെതുടര്‍ന്നാണ് 38-ാം വാര്‍ഡ് നഷ്ടപ്പെട്ടത്. മഹമൂദിന്റെ അമ്മാവന് എന്‍.എ.ഖാലിദിന് 38-ാം വാര്‍ഡ് കൊടുത്തത് മഹമൂദിനെ പ്രകോപിതനാക്കിയിരുന്നു. ഇതാണ് ചാഞ്ചാട്ടത്തിനിടയാക്കിയത്.
കാഞ്ഞങ്ങാട് നഗരസഭക്ക് 32 വാര്‍ഡുകള്‍ ഉണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസിന് ഒമ്പത് വാര്‍ഡുകള്‍വരെ ലഭിച്ചിരുന്നു. മുസ്ലീംലീഗിന് 8 വാര്‍ഡുകളും ലഭിച്ചു. അങ്ങനെയാണ് ഡോ.വി.ഗംഗാധരനും വി.ഗോപിയുമൊക്കെ ചെയര്മാന്മാരായത്. യുഡിഎഫില്‍ കൂടുതല്‍ സീറ്റ് പിടിക്കുന്നവര്‍ക്കാണ് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ ചെയര്‍മാന്‍സ്ഥാനം.
എല്‍ഡിഎഫില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെങ്കിലും ആറാംവാര്‍ഡില്‍ മത്സരിച്ച് പരാജയപ്പെട്ട സുജാത, വി.വി.പ്രസന്നകുമാരി, മൂന്നാംവാര്‍ഡില്‍ നിന്നും വിജയിച്ച നിലവിലുള്ള ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗംഗാരാധാകൃഷ്ണന്‍ തുടങ്ങിയവരുടെ പേരുകളാണ് എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ളതായി കേള്‍ക്കുന്നത്. എക്സൈസില്‍ നിന്നും വിരമിച്ച കുഞ്ഞമ്പുവിന്റെ ഭാര്യയാണ് സുജാത. ഇതിനിടയില്‍ ഗംഗാരാധാകൃഷ്ണന്റെ വീടിന് സമീപത്തുതന്നെ വയലില്‍ മണ്ണിട്ട് നികത്തി കൂറ്റന്‍ ആശുപത്രി നിര്‍മ്മിക്കുന്നതിനെതിരെ ഗംഗ വേണ്ടവിധം ശബ്ദിക്കാതിരുന്നത് സ്വന്തം വാര്‍ഡില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പ് ഉയരാന്‍ കാരണമാകുമെന്നാണ് സൂചന. കേരളാ തണ്ണീര്‍ത്തട നിയമം കാറ്റില്‍പ്പറത്തിയാണ് നോര്‍ത്ത് കോട്ടച്ചേരിയില്‍ സ്വകാര്യ ആശുപത്രി ലോബി സമീപവാസികളുടെ എതിര്‍പ്പ് വകവെക്കാതെ വയല്‍ മണ്ണിട്ട് നികത്തി കൂറ്റന്‍ ആശുപത്രി കെട്ടിപ്പൊക്കുന്നത്.
അതേസമയം യുഡിഎഫില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാല്‍ ഖാദര്‍ മാങ്ങാടിന്റെ ഭാര്യ നസീമയെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. പടന്നക്കാട് നെഹ്റു കോളേജ് അധ്യാപികയായ നസീമ കോണ്‍ഗ്രസ് അധ്യാപക സംഘടനയുടെ യൂണിറ്റ് പ്രസിഡണ്ടാണ്. 14-ാം വാര്‍ഡില്‍ നസീമയെ മത്സരിപ്പിക്കാനാണ് സാധ്യത.
0 Comments