സി.പ്രഭാകരന്‍ വിഷയം ഏരിയാകമ്മററി ചര്‍ച്ച ചെയ്തില്ല; മാപ്പുപറഞ്ഞ് പ്രശ്‌നം ഒതുക്കി


നീലേശ്വരം: സിപിഎം നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ തേജസ്വിനി സഹകരണ ആശുപത്രിയില്‍ സിപിഎം ജില്ലാ കമ്മറ്റി അംഗവും മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ടുമായ സി.പ്രഭാകരനെ സെക്യൂരിറ്റി ജീവനക്കാരന്‍ കയ്യേറ്റം ചെയ്ത സംഭവം ഇന്നലെ ചേര്‍ന്ന ഏരിയാകമ്മറ്റിയോഗം ചര്‍ച്ചചെയ്തില്ല.
എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ വെച്ച് നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്‍ ക്ഷമ പറഞ്ഞതിനെ തുടര്‍ന്ന് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. ഏരിയാകമ്മറ്റി ഓഫീസില്‍ സംസ്ഥാന കമ്മറ്റി അംഗം കെ.പി.സതീഷ് ചന്ദ്രന്‍, ജില്ലാ കമ്മറ്റി അംഗം കെ.ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സി.പ്രഭാകരനും ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്‍ പള്ളിക്കരയിലെ ബിജുവും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്. തനിക്ക് ആളറിയാതെ പറ്റിയ അബന്ധമാണെന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ബിജു സമ്മതിച്ചു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒന്നിലധികം പേരെ രോഗികളെ കാണാന്‍ അനുവദിക്കരുതെന്ന ആശുപത്രി മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സി.പ്രഭാകരനും മറ്റൊരാളും ആശുപത്രിയിലെത്തിയപ്പോള്‍ താന്‍ തടഞ്ഞതെന്നും ബിജു പറഞ്ഞു. ബിജുവിന്റെ ക്ഷമാപണം സി.പ്രഭാകരന്‍ അംഗീകരിക്കുകയും പ്രശ്‌നം ഇതോടെ രമ്യമായി പരിഹരിക്കുകയുമായിരുന്നു.
ഇന്നലെ നടന്ന ഏരിയാകമ്മറ്റി യോഗത്തില്‍ കാര്‍ഷികമേഖലയെ അഭിവൃദ്ധിപ്പെടുത്തേണ്ട സുഭിക്ഷകേരളം പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍മാത്രമാണ് ചര്‍ച്ചചെയ്തത്. സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതി വിജയിപ്പിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണെന്നും അതുകൊണ്ട് ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍മാത്രം ഊന്നല്‍നല്‍കിയാല്‍ മതിയെന്നുമാണ് നേതൃത്വം നിര്‍ദ്ദേശിച്ചത്. എന്നാല്‍ ജില്ലാ കമ്മറ്റി അംഗത്തെ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ വെച്ച് കയ്യേറ്റം ചെയ്ത സംഭവം ചര്‍ച്ചചെയ്യണമെന്ന് മടിക്കൈയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും നേതൃത്വം ശക്തമായി എതിര്‍ത്തു. പ്രഭാകരന്‍ ജില്ലാ കമ്മറ്റി അംഗമായതിനാലും പരാതി നല്‍കിയത് ജില്ലാ നേതൃത്വത്തിനായതുകൊണ്ടും അക്കാര്യം ജില്ലാകമ്മറ്റിയില്‍ ചര്‍ച്ചചെയ്യട്ടെയെന്ന നിലപാടാണ് ഏരിയാനേതൃത്വം കൈക്കൊണ്ടത്.
എന്നാല്‍ ഏരിയാകമ്മറ്റി യോഗത്തില്‍ സംബന്ധിച്ച സതീഷ്ചന്ദ്രനും കെ.ബാലകൃഷ്ണനുമാണ് പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന് സി.പ്രഭാകരനോട് ആവശ്യപ്പെട്ടത്‌

Post a Comment

0 Comments