വാര്‍ത്താമാധ്യമങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍; പ്രമുഖ പത്രങ്ങള്‍ മെലിഞ്ഞ് 'എല്ലും തോലുമായി'


കാഞ്ഞങ്ങാട്: ലോക്ഡൗണിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍. പരസ്യങ്ങള്‍ കുറഞ്ഞതാണ് പ്രതിസന്ധിയുടെ പ്രധാനകാരണം.
അച്ചടി മാധ്യമങ്ങള്‍ പേജ് കുറച്ചു. എന്നാല്‍ വില കുറയ്ക്കുന്നില്ല. ഓണക്കാലത്തും വിഷുക്കാലത്തും കേരളത്തിലെ ചില പത്രങ്ങള്‍ പരസ്യങ്ങളുടെ വര്‍ദ്ധനവ് മൂലം രണ്ട് സെറ്റ് പത്രങ്ങളാണ് പുറത്തിറക്കിയിരുന്നത്. രണ്ടുംകൂടി ഏതാണ്ട് നാല്‍പ്പതിനും അമ്പതിനും ഇടയിലുള്ള പേജാണ് അച്ചടിച്ച് ഇറക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വിഷുവിന് ഇതേ പത്രങ്ങള്‍ പന്ത്രണ്ടുമുതല്‍ പതിനാല് പേജുകളില്‍വരെ ഒതുക്കി. ചില ദിവസങ്ങളില്‍ പത്തുപേജായും ചുരുക്കി. ജില്ലതോറും ഇറക്കുന്ന പ്രത്യേക പതിപ്പുകളും ഉപേക്ഷിച്ചു. മാതൃഭൂമി ദിനപത്രം ജീവനക്കാരുടെ ശമ്പളം 20 മുതല്‍ 30 ശതമാനം വരെ വെട്ടിക്കുറച്ചു. ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമം 40 ശതമാനം ശമ്പളമാണ് വെട്ടിക്കുറച്ചത്. മനോരമ ഇതേവരെ ശമ്പളം കുറച്ചിട്ടില്ലെങ്കിലും ചിലവ് ചുരുക്കാനുള്ള തീവ്രശ്രമത്തിലാണ്. പല സബ് ഓഫീസുകളും വേണ്ടെന്നുവെച്ചു. തൃക്കരിപ്പൂര്‍, ചിറ്റാരിക്കാല്‍ തുടങ്ങിയ മനോരമ ഓഫീസുകള്‍ ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് അടച്ചുപൂട്ടിയത്. വരും നാളുകളില്‍ കൂടുതല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കുമെന്നാണ് സൂചന.
മനോരമയ്ക്ക് ജില്ല ആസ്ഥാനത്തുമാത്രമാണ് സ്ഥിരം റിപ്പോര്‍ട്ടറുള്ളത്. മറ്റെല്ലാ റിപ്പോര്‍ട്ടര്‍മാരും കരാര്‍ വ്യവസ്ഥയിലാണ് ജോലിചെയ്യുന്നത്. ഓരോ കൊല്ലവും കരാര്‍ പുതുക്കണം. മാധ്യമം പത്രം ഒരുകൊല്ലം മുമ്പ് നിരവധി റിപ്പോര്‍ട്ടര്‍മാരുടെ കരാര്‍ വ്യവസ്ഥ ക്യാന്‍സല്‍ ചെയ്തിരുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ മാധ്യമം കൂടുതല്‍ റിപ്പോര്‍ട്ടര്‍മാരുടെ കരാറുകള്‍ അവസാനിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
മനോരമയും മാതൃഭൂമിയും റിപ്പോര്‍ട്ടര്‍മാരോട് വീട്ടിലിരുന്ന് ജോലിചെയ്താന്‍ മതിയെന്ന് ഇപ്പോള്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഓഫീസ് വാടക, കറന്റ് ചാര്‍ജ്, മറ്റ് ഓഫീസ് ചിലവുകള്‍ എന്നിവ ലാഭിക്കാനാണ് റിപ്പോര്‍ട്ടര്‍മാരെ വീട്ടിലിരുത്തി പണിയെടുപ്പിക്കുന്നത്. സായാഹ്ന പത്രങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ പരസ്യം നന്നേകുറഞ്ഞു. പ്രാദേശിക പരസ്യങ്ങളും കിട്ടാതായി. പല പത്രസ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.

Post a Comment

0 Comments